ന്യൂസീലന്‍ഡ് വെടിവയ്‌പ്പിനിടെ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. കൊടുങ്ങല്ലൂര്‍ മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യ ആന്‍സി(23) ആണ് മരിച്ചത്. കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.
കാര്‍ഷിക സര്‍വകലാശാലയില്‍ എം.ടെക്ക് വിദ്യാര്‍ഥിനിയായ ആന്‍സി കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവുമൊത്ത് ന്യൂസീലന്‍ഡിലാണ്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്‍ത്താവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
വെള്ളിയാഴ്‌ചയാണ് ന്യൂസീലന്‍ഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തിലാകെ 49 പേര്‍ മരിക്കുകയും 20ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്‌ചര്‍ച്ചിലുള്ള പള്ളികളിലാണ് സംഭവം. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.
ആക്രണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും 9 ഇന്ത്യന്‍ വംശജരെ കാണാതാവുകയും ചെയ്‌തതായി ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്‌ജീവ് കോഹ്‌ലി അറിയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇക്‌ബാല്‍ ജഹാംഗീര്‍, അഹമ്മദാബാദ് സ്വദേശി മെഹബൂബ് ഖോക്കര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. െ്രെകസ്റ്റ്‌ചര്‍ച്ചില്‍ ഹോട്ടല്‍ നടത്തുകയാണ് ജഹാംഗീര്‍. മകനെ കാണാന്‍ രണ്ടു മാസം മുന്‍പാണ് മെഹബൂബ് ന്യൂസീലന്‍ഡില്‍ എത്തിയത്.
അതേസമയം, വെടിവയ്‌പ്പ് നടത്തിയ അക്രമി സ്വന്തമായി അഞ്ച് തോക്ക് കൈവശം വച്ചിരുന്ന ആളാണെന്നും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്ന് രാജ്യത്തെ തോക്ക് നിയമത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ അറിയിച്ചു.