മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ വരവിനായി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചരിത്ര കഥാപാത്രമായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ഒരു ദൃശ്യവിസ്‌മയം തന്നെയാകും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
മധുരരാജ പോലെ ഗംഭീര വിജയം മാമാങ്കവും നേടുമൊയെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചിരുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കുകയെന്ന് അറിയുന്നു. സിനിമയുടെ ക്ലൈമാക്‌സിനായി കൂറ്റന്‍ സെറ്റുകളാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.
2000ത്തിനു മുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് മാമാങ്കത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ അഭിനയിക്കുന്നത്. എറണാകുളത്താണ് ചിത്രത്തിനായി കൂറ്റന്‍ സെറ്റുകളൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചരിത്ര സിനിമ അണിയിച്ചൊരുക്കുന്നത്. 30 കോടി ബഡ്‌ജറ്റിലാണ് മാമാങ്കം നിര്‍മ്മിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ എറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുളളത്.
പഴശ്ശിരാജ പോലൊരു ചിത്രമാണ് മെഗാസ്റ്റാറില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നതെങ്കിലും വ്യത്യസ്‌തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. മികച്ചൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ് അണിയറക്കാര്‍ ചിത്രമൊരുക്കുന്നതും. കണ്ണൂര്‍, എറണാകുളം, വാഗമണ്‍, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളാണ് ചരിത്ര സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
അതേസമയം മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ അവസാന ഷെഡ്യൂള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ക്ലൈമാക്‌സ് സംഘടനത്തിന് വേണ്ടി സജീകരിച്ചിരിക്കുന്ന കൂറ്റന്‍ സെറ്റിന്റെ ചിത്രങ്ങളായിരുന്നു വൈറലായി മാറിയിരുന്നത്. കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അണിയറപ്രവര്‍ത്തകര്‍ മാമാങ്കം സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ടുപോവുന്നത്. ജൂണ്‍ പകുതി വരെ നീളുന്ന അവസാന ഘട്ട ചിത്രീകരണമാണ് മെഗാസ്റ്റാര്‍ ചിത്രത്തിനുളളത്.
മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍,നീരജ് മാധവ്,കനിഹ,അനു സിത്താര,പ്രാചി ദേശായി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആകും മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുക.