മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും ഉപതിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
മഞ്ചേശ്വരം എംഎല്‍എ പി.ബി. അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണു മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി.
മഞ്ചേശ്വരം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും സുരേന്ദ്രനു പകരം ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നതു നിര്‍ണായകമാണ്. 2016 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11000 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയതും ബിജെപിയെ അലട്ടുന്നുണ്ട്.