അയോധ്യ, ശബരിമല കേസുകളിലെ സുപ്രീംകോടതി വിധികളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം.മണി. ''അയോധ്യ വിധി തന്നെ വേദനിപ്പിച്ചു. പണ്ട് അവിടെ അമ്പലം ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. 1992ല്‍ പള്ളി പൊളിച്ചത് ഗുരുതരമായ തെറ്റാണ്. അവസാനം കോടതി വിധി വന്നപ്പോള്‍ അത് അവര്‍ക്ക് കൊടുത്തേക്ക് എന്ന രീതിയിലായി. രാഷ്ട്രീയക്കാരനായിട്ട് താന്‍ ഇങ്ങനൊന്നും പറയാന്‍ പാടില്ലാത്തതാണ്. ഇതു പറയാതെ ശവത്തെപ്പോലെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ശബരിമല വിഷയത്തില്‍ വിധി വന്നപ്പോഴും എല്ലാവരും സ്വാഗതം ചെയ്‌തു. പാവം ഞങ്ങള്‍ പെട്ടുപോയി. സ്‌ത്രീക്കും പുരുഷനും തുല്യത വേണ്ടെന്നു പറഞ്ഞിട്ട് ഞങ്ങള്‍ പിന്നെ പാര്‍ട്ടി പിരിച്ചുവിടേണ്ടി വരുമായിരുന്നു.
ശബരിമലയില്‍ പണ്ട് വേണ്ടപ്പെട്ടവരുടെ സ്‌ത്രീകള്‍ കയറി മെഴുകിയിട്ടുണ്ട്. രാജാവും രാജ്ഞിയും പലരും പോയിട്ടുണ്ട്. മുന്‍പ് ജസ്റ്റിസ് പരിപൂര്‍ണന്റെ വിധി വന്നപ്പോള്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ അപ്പീലിനൊന്നും പോയിട്ടില്ല. അദ്ദേഹം ശബരിമലയിലെ സ്വാമിയായതിനാല്‍ ഭരണഘടനയൊന്നും നോക്കാതെയാണ് 10 മുതല്‍ 50 വയസു വരെയുള്ള സ്‌ത്രീകള്‍ പോകേണ്ടെന്നു പറഞ്ഞത്. ഇപ്പോഴത്തെ വിധിയില്‍ കോടതി ഉറച്ചു നിന്നിട്ടില്ല. ഇനി ഏഴംഗ ബഞ്ചിനു വിട്ടിരിക്കുകയാണ്. ഏഴംഗ ബഞ്ച് ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് താന്‍ പറയുന്നില്ല. ജുഡീഷ്യറി പോലും എങ്ങോട്ടാണു പോകുന്നതെന്ന് ആലോചിക്കണം. ജുഡീഷ്യറി പഴയ നിലയില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കൊടുത്ത പെറ്റീഷന്‍ അനുസരിച്ച് പ്രാഥമികമായി സ്‌റ്റേ ചെയ്യാമായിരുന്നില്ലേ. നടപ്പാക്കാന്‍ വരട്ടെ എന്നെങ്കിലും ഭരണഘടനാ ബെഞ്ചിന് പറയാമായിരുന്നില്ലേ'' എം.എം.മണി ചോദിച്ചു. എംഇഎസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടന്‍മേട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.