അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന കെ.എം.മാണിക്ക് നാടിന്റെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
മൂന്നു മണിയോടെ കരിങ്ങോഴയ്‌ക്കല്‍ വീട്ടില്‍ നിന്നു പുറത്തിറക്കിയ ഭൗതികദേഹം നാലരയോടെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ എത്തിച്ചു. വൈകിട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയവരുെട തിരക്കു കാരണം വൈകിട്ട് ആറരയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.
ബുധനാഴ്‌ച രാവിലെ 10 മണിയോടെ കൊച്ചിയില്‍ നിന്നു പുറപ്പെട്ട കെ.എം.മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വ്യാഴാഴ്‌ച രാവിലെ ഏഴു കഴിഞ്ഞപ്പോഴാണു പാലായിലെത്തിയത്. മതസാംസ്‌കാരിക നേതാക്കള്‍ വിവിധയിടങ്ങളില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, ഭരണ പ്രതിപക്ഷ നേതാക്കള്‍, വിവിധ കക്ഷി നേതാക്കള്‍, മതമേലധ്യക്ഷന്‍മാര്‍ തുടങ്ങിയവരും കരിങ്ങോഴയ്‌ക്കല്‍ വീട്ടിലെത്തി. നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, കാണക്കാരി, ഏറ്റുമാനൂര്‍, കോട്ടയം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.