കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നും പിളര്‍പ്പ് ഒഴിവാക്കുകയാണ് കെ.എം. മാണിയുടെ ലക്ഷ്യം. ഇതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മാണി നീക്കം നടത്തുന്നതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ പി.ജെ. ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ മാണിയുടെ ഇടപെടല്‍ ജോസഫിനെ തണുപ്പിക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്.
ഈ വരുന്ന ഞായറാഴ്‌ച്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ച വരെ പരസ്യ പ്രസ്‌താവനകളില്‍നിന്നും നേതാക്കള്‍ മാറി നില്‍ക്കുകയാണ്. രണ്ട് സീറ്റ് ലഭിച്ചില്ലെങ്കില്‍ കോട്ടയത്ത് മത്സരിക്കുമെന്നാണ് പി.ജെ. ജോസഫിന്റെ ഭീഷണി. എന്നാല്‍ പരസ്‌പരം ചേരിപ്പോര് നടത്തുന്നത് സിപിഎമ്മും ബിജെപിയും മുതലെടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മാണി അനുരഞ്‌ജനത്തിനു ശ്രമിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കെ.എം മാണിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാറിന് നല്‍കിയ പാലക്കാട് കോണ്‍ഗ്രസിന് തിരിച്ച് ലഭിച്ച സാഹചര്യത്തില്‍ ഒരു സീറ്റ് അധികം നല്‍കാന്‍ ബുദ്ധിമുട്ടില്ലെന്നാണ് കേരളകോണ്‍ഗ്രസ് നിലപാട്. എന്നാല്‍ അധിക സീറ്റ് നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.