• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മനോഹര്‍ തോമസിനു വികാര നിര്‍ഭരമായ യാത്രയയപ്പ്

ന്യൂയോര്‍ക്ക്: സാഹിത്യ സാംസ്‌കാരിക വേദികളില്‍ കാല്‍ നൂറ്റാണ്ടിലേറെയായി നിറസാന്നിധ്യമായിരുന്ന മനോഹര്‍ തോമസിനു സ്വന്തം കര്‍മ്മമേഖല സര്‍ഗ്ഗവേദിയുടെ തട്ടകമായ കേരളാ സെന്ററില്‍ നല്‍കിയ യാത്രയയപ്പ് വികാരനിര്‍ഭരമായി.

പേരു പോലെ മനോഹരമായ ആകാരത്തിന്റേയും മനസിന്റേയും ഉടമയായ അപൂര്‍വ വ്യക്തിത്വം സുഹൃത്തുക്കള്‍ വാങ്മയ ചിത്രങ്ങളായി അവതരിപ്പിച്ചു. പടക്കുതിര എന്ന സിനിമയില്‍ നായകനായി വേഷമിട്ടെങ്കിലും സിനിമാ രംഗം വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മനോഹറിനെയാണ് പിറവം സ്വദേശി തന്നെയായ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കാടാപ്പുറം അനുസ്മരിച്ചത്. സിനിമാരംഗത്തായിരുന്നെങ്കില്‍ യുവത്വം കാത്തു സൂക്ഷിക്കുന്നതില്‍ മമ്മൂട്ടിക്ക് മനോഹര്‍ വെല്ലുവിളിയായിരുന്നേനെ എന്നുറപ്പ്.

പള്ളികൃഷി എന്ന വാക്ക് മനോഹര്‍ രൂപം കൊടുത്തതാണെന്നും ജോസ് പറഞ്ഞു. തന്റെ താമസ സ്ഥലമായ സ്റ്റാറ്റന്‍ ഐലന്റില്‍ ഒമ്പതു മൈല്‍ ചുറ്റളവില്‍ 13 പള്ളി എന്നതാണ് മനോഹറിലെ  ആക്ഷേപ സാഹിത്യ കുതുകിയെ ഉണര്‍ത്തിയത്. ആദ്യം കാണുമ്പോള്‍ ഏതു പള്ളിയിലാണ് പോകുന്നതെന്നു ചോദിക്കുന്നവരോട് അന്നും ഇന്നും തനിക്ക് പുച്ഛമാണെന്നു ഉറപ്പിച്ചു പറയുന്ന മനോഹറിനു മാത്രമെ ഇങ്ങനെയൊരു പ്രയോഗം കൊണ്ടുവരാനാകൂ. പകുതി മലയാളിയും അന്ധവിശ്വാസത്തിനും പള്ളിക്കും അടിമയായതുകൊണ്ട് കൂടിയാണ് ഇതെന്നാണ് പുള്ളിയുടെ വിലയിരുത്തല്‍ .

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം വിട്ട് മനോഹര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒട്ടേറെ നഷ്ടങ്ങളുടെ കഥയുണ്ട്. എങ്കിലും പഴയ തട്ടകത്തില്‍ പുതിയ ജീവിതം അദ്ദേഹം സ്വപ്നം കാണുന്നു. അദ്ദേഹത്തിനു നന്മകള്‍ നേരാം. 

താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മനോഹറിനെ കാണുന്നത്. അന്ന് സിനിമാ  താരത്തെ ദൂരെനിന്നു കാണുകയായിരുന്നു- ജോസ് പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവൃത്തിക്കുന്ന സര്‍ഗ്ഗവേദിയുടെ പ്രസിഡന്റ് ആണ് മനോഹര്‍ തോമസ്. ഭാഷക്കും സാഹിത്യത്തിനും പ്രാധന്യം നല്‍കി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാ വേദിയാണു സര്‍ഗവേദി. 

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിന്നും ലോങ്ങ് ഐലണ്ടിലേക്കു കാറോടിച്ചു 25 വര്‍ഷമായി എല്ലാ മാസവും മൂന്നാം ഞായറാഴ്ചയില്‍ കേരള സെന്ററില്‍ എത്തി സാഹിത്യ ചര്‍ച്ചകള്‍ക്കു നേതൃത്വം കൊടുക്കുന്നു. കേരളത്തിലെ എല്ലാ സാഹിത്യകാരന്മാര്‍ക്കും --എംടി മുതല്‍ രാമനുണ്ണി വരെ -- സര്‍ഗ്ഗവേദിയില്‍ പ്രസംഗിക്കാന്‍ അവസരം ഒരുക്കി.

1992-ല്‍ സര്‍ഗ്ഗവേദിയുടെ തുടക്കത്തിലാണ് മനോഹറിനെ കാണുന്നതെന്നു എഴുത്തുകാരനായ സി.എം.സി പറഞ്ഞു. ആ സൗഹൃദം തുടരുന്നു. മനോഹറിന്റെ ഭാര്യയുടെ വീട് തന്റെ വീടിനടുത്താണെന്നും അതിനാല്‍ ഇനിയും അവിടെ വച്ചും കാണാന്‍ കഴിയുമെന്നും സി.എം.സി പ്രത്യാശിച്ചു. 

മനോഹറിന്റെ മടക്കയാത്രയക്ക് സി.എംസിയും പ്രചോദനമായോ എന്നു യാത്രയയപ്പ് സംഘടിപ്പിച്ച ജെ. മാത്യൂസ് സന്ദേഹം പ്രകടിപ്പിച്ചു. ആദ്യം നാട്ടിലേക്ക് മടങ്ങിയത് സി.എം.സി ആണ്. ഇപ്പോള്‍ മനോഹറും. 

സര്‍ഗ്ഗവേദിക്കുവേണ്ടി മനോഹറിന്റെ സമര്‍പ്പണമാണ് കെ.കെ. ജോണ്‍സണ്‍ ചൂണ്ടിക്കാട്ടിയത്. പുത്രിയുടെ വിയോഗം അറിഞ്ഞ് അയര്‍ലന്‍ഡിലേക്ക് പോകേണ്ടി വന്നപ്പോള്‍ സര്‍ഗ്ഗവേദി സമ്മേളനം നടത്താന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടാണ് പോയത്. അത്രയ്ക്കായിരുന്നു സര്‍ഗ്ഗവേദിയോടുള്ള പ്രതിബദ്ധത. ഈ സമര്‍പ്പണം സര്‍ഗ്ഗവേദിയില്‍ ഇനി ചുമതല ഏല്‍ക്കുന്നവര്‍ തുടരണമെന്നും ജോണ്‍സണ്‍ നിര്‍ദേശിച്ചു.

മൂന്നര പതിറ്റാണ്ടു മുമ്പ് മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയിലൂടെയാണ് താന്‍ ആദ്യമായി മനോഹറിനെ അറിയുന്നത്. 

ലാനയുടെ മുന്‍ പ്രസിഡന്റായിരുന്ന മനോഹറിനു സംഘടനയുടെ പ്രശംസാ ഫലകം ലാന ജോയിന്റ് സെക്രട്ടറിയായ ജോണ്‍സണ്‍ സമ്മാനിച്ചു.

അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി രണ്ടു മുറികള്‍ വീട്ടില്‍ ഒരുക്കിയിടണമെന്നു ഡോ. എ.കെ.ബി പിള്ള മനോഹറിനോടഭ്യര്‍ത്ഥിച്ചു. കേരളത്തിലെ സാഹിത്യരംഗമൊക്കെ മാറിപ്പോയി. പുരോഗമന സാഹിത്യമൊന്നും ഇല്ലാതായി. ഇത്തരം സാഹചര്യത്തില്‍ മനോഹറിനെപ്പോലെ തുറന്ന മനസ്സുള്ളവരുടെ സാന്നിധ്യം ശുഭോദര്‍ക്കമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.


ഡോ. എകെ.ബി പിള്ള മനോഹറിനെ പൊന്നാട അണിയിച്ചു.

സാഹിത്യവേദിയുടെ എട്ടു തുടക്കക്കാരില്‍ ഒരാളായ മനോഹര്‍ ബഹുമുഖ പ്രതിഭയാണെന്നു ഡോ. എന്‍.കെ നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. 

മനോഹറിന്റെ അസാന്നിധ്യത്തില്‍ സര്‍ഗ്ഗവേദിയുടെ ചുമതല നാലോ അഞ്ചോ പേരുടെ ഒരു സമിതി ഏറ്റെടുക്കണമെന്നു ഡോ. എന്‍.പി. ഷീല നിര്‍ദേശിച്ചു.

കേരളാ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പള്ളി, ഇ.എം. സ്റ്റീഫന്‍, രാജു തോമസ്, ബാബു പാറയ്ക്കല്‍, പ്രിന്‍സ് മാര്‍ക്കോസ്, വര്‍ഗീസ് ചുങ്കത്തില്‍, സാംസി കൊടുമണ്‍, ജോണ്‍ പോള്‍, അമ്മിണി ടീച്ചര്‍, നിര്‍മ്മല, ജോസ് ചെരിപുറം, പി.ടി. പൗലോസ് തുടങ്ങി ഒട്ടേറെ പേര്‍ ആശംസകള്‍ നേര്‍ന്നു.

കേരള സെന്ററിന്റെ ഉപഹാരം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍ സമ്മാനിച്ചു

ഇത്തരമൊരു നിമിഷം വരുമെന്നു ഒരിക്കല്‍ പോലും കരുതിയില്ലെന്നു മറുപടി പ്രസംഗത്തില്‍ മനോഹര്‍ തോമസ് പറഞ്ഞു. 38 വര്‍ഷം മുമ്പ് വന്നപ്പോള്‍ ഏതു തട്ടകത്തില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നു സ്വയം ചോദിക്കുകയുണ്ടായി. ഭാര്യ, വീട്, മക്കള്‍ അല്ലാതെ ഏതു തട്ടകമാണ് മനോഹറെ നീ ഉദ്ദേശിക്കുന്നതെന്നു സ്വയം ചോദിച്ചു. 

ഇത്തരം ചോദ്യത്തിനു മുന്നില്‍ എല്ലാവരും പകച്ചു നില്‍ക്കും. അറിയാവുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് തന്റെ ദൗത്യമെന്ന തിരിച്ചറിയലാണ് ഉണ്ടായത്. 

ഒരു വയസ്സുള്ളപ്പോള്‍ അമ്മയും പിന്നീട് പിതാവും മരിച്ചപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവനാണ് താന്‍. അന്നു കൂട്ടുകാര്‍ പുസ്തകങ്ങളായിരുന്നു. വ്യാപരിക്കാന്‍ മറ്റു മേഖലകളില്ലായിരുന്നു. വൈന്‍ കച്ചവടം അടക്കം പതിനാലു ജോലികള്‍ താന്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ അതിശയം. 

തന്റെ തട്ടകം ഭാഷയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്ന തിരിച്ചറിവാണുണ്ടായത്. മറ്റു രംഗങ്ങളില്‍ വ്യാപരിക്കാന്‍ സമയമില്ല. അങ്ങനെയാണ് സര്‍ഗ്ഗവേദിയുടെ തുടക്കം. കട, വീട്, സര്‍ഗ്ഗവേദി എന്നിവയായിരുന്നു തന്റെ ജീവിതം. കാല്‍ നൂറ്റാണ്ടെങ്കിലുമായി പള്ളിയില്‍ പോയിട്ട്. പോകുന്നത് എന്തിനാണ് എന്നു തോന്നിയിട്ടുണ്ട്. ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണെങ്കില്‍ വീട്ടിലിരുന്നാലും പ്രാര്‍ത്ഥിക്കാം. 

ചെറുപ്പത്തില്‍ സണ്‍ഡേ സ്‌കൂളില്‍ പോകുന്നതിനു തടസം പറഞ്ഞപ്പോള്‍ അന്നത്തെ അധ്യാപകന്‍ തന്റെ പിതാവിനോട് പരാതി പറഞ്ഞതാണ്. ചിലരുമായുള്ള കൂട്ട് കണ്ടപ്പോഴേ തോന്നിയതാണ് ഇവന്റെ തലതിരിഞ്ഞു പോവുമെന്ന്. അപ്പന്‍ പക്ഷെ വഴക്കൊന്നും പറഞ്ഞില്ല. മനസ്സില്‍ നന്മകള്‍ സൂക്ഷിച്ചാല്‍ മതി, ദൈവം നിനക്ക് കാവല്‍ നില്‍ക്കുമെന്ന് അപ്പന്‍ പറഞ്ഞു. 

 

അത്ര എളുപ്പമല്ല മനസ്സില്‍ നന്മ സൂക്ഷിക്കാന്‍. മറ്റുള്ളവര്‍ക്കെതിരേ പ്രവര്‍ത്തിക്കാതിരിക്കുക, ചതിക്കാതിരിക്കുക തുടങ്ങിയവയൊക്കെ ബുദ്ധിമുട്ടാണ്. 42 വര്‍ഷം കച്ചവടക്കാരനായിരുന്നതിനാല്‍ പ്രത്യേകിച്ചും. ജീവിതത്തിന്റെ നിര്‍വചനങ്ങള്‍ സൂക്ഷിക്കുക മഹാബുദ്ധിമുട്ടാണ്. 

അമ്മ മരിച്ചശേഷം പിതാവിന്റെ മടിയില്‍ കിടന്നാണ് താന്‍ വളര്‍ന്നത്. അദ്ദേഹം മരിച്ചതും തന്റെ മടിയില്‍ കിടന്നാണ്. ന്യായമായും അപ്പന്‍ പറഞ്ഞത് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനായി. പിതാവിന്റെ വാക്കു തെറ്റിക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്

എനിക്ക് മൂന്നു മക്കളായിരുന്നു. നീല്‍, സീത, സര്‍ഗ്ഗവേദി. യാത്രപോലും പറയാതെ മകള്‍ പോയി- മനോഹര്‍ ഗദ്ഗദകണ്ഠനായി. 

സര്‍ഗ്ഗവേദി ഒരു വികാരമായിരുന്നു. ഇത്രയും സമയം എന്തിനാണ് വെറുതെ കളയുന്നതെന്നു പലരും ചോദിച്ചിട്ടുണ്ട്. മകനേയും മകളേയും പൊതിഞ്ഞുകെട്ടി ആദ്യകാലത്ത് സര്‍ഗ്ഗവേദിയില്‍ വന്നിട്ടുണ്ട്. സര്‍ഗ്ഗവേദിയോടുള്ള തന്റെ താത്പര്യം മക്കളും പറയുമായിരുന്നു. 

സര്‍ഗ്ഗവേദിയില്‍ പ്രവര്‍ത്തിച്ച പലരും മരിച്ചുപോയി. ഗോപാലന്‍ നായര്‍, ആന്റണി ചേട്ടന്‍ തുടങ്ങിയവര്‍. പ്രഗത്ഭനും ധീരനുമായിരുന്നു ആന്റണി ചേട്ടന്‍. 

സര്‍ഗ്ഗവേദിയില്‍ ഒരുപാട് കൃതികള്‍ ചര്‍ച്ച ചെയ്തു. വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കരുത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. ചിലരോട് ദേഷ്യപ്പെട്ടിട്ടുണ്ട്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഭാഷാ പ്രയോഗം നടത്തുന്നത് വിലക്കിയിട്ടുണ്ട്. 

പ്രസിഡന്റും, സെക്രട്ടറിയും, ഖജാന്‍ജിയുമൊക്കെയുള്ള ഒരു സംഘടനയൊന്നുമല്ല സര്‍ഗവേദി. സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ മാത്രമാണിത്. 

തനിക്ക് മറ്റൊരു ജീവിതം ഉണ്ടായിരുന്നില്ല. യാത്ര പറയുന്നത് വേദനയോടെയാണ്.

ഒ.എന്‍.വിയുടെ കവിത മനോഹര്‍ ചൊല്ലി.

ഓര്‍മകളില്‍ ഇന്നലെകള്‍ പിന്നെയും ഉദിക്കെ 
അവയോരോന്നും ഉണ്മയായായി  നില്‍ക്കും 
ആരോട് യാത്ര പറയേണ്ടു 
ഞാന്‍ എന്തിനോട് യാത്ര പറയേണ്ടു....

ഇവിടെ ജീവിച്ചുവെന്നതിനു കിളി അവശേഷിപ്പിച്ച അടയാളങ്ങളുടെ കവിത സന്തോഷ് പാലായും ചൊല്ലി.

ഇവിടെയുണ്ടു ഞാന്‍ 
എന്നറിയിക്കുവാന്‍
മധുരമായൊരു 
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ 
താഴെയിട്ടാല്‍ മതി

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായി
അടയിരുന്നതിന്‍
ചൂടു മാത്രം മതി

ഇതിലുമേറെ
ലളിതമായ് എങ്ങനെ 
കിളികളാവി-
ഷ്‌കരിക്കുന്നു ജീവനെ!

കവി പി പി രാമചന്ദ്രന്റെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ 'കാണെക്കാണെ എന്ന സമാഹാരത്തില്‍ ഉള്ള 'ലളിതം 'എന്ന കവിത

 

 

 

Top