ഇക്കഴിഞ്ഞ ബുധനാഴ്‌ച രാത്രി വൈത്തിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മരണത്തിന്റെ പേരിലും വിവാദം കൊഴുക്കുകയാണ്. മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞു റിസോര്‍ട്ടിലെത്തിയ പോലീസിനു നേരെ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്നും ആത്മരക്ഷാര്‍ഥം പോലീസ് തിരിച്ചു വെടിവെച്ചുവെന്നുമാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളെ അറിയിച്ചത്.
വയനാട്ടിലെ തിരുനെല്ലിക്കാട്ടില്‍ നക്‌സല്‍ നേതാവ് വര്‍ഗീസ് വെടിയേറ്റു മരിച്ചപ്പോഴും 2016ല്‍ നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും പോലീസ് വെടിയേറ്റു മരിച്ചപ്പോഴുമൊക്കെ തര്‍ക്കം ഉടലെടുത്തത് അറിഞ്ഞവരാണ് നമ്മള്‍. കേരളത്തില്‍ നടന്ന പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ മരണങ്ങളെല്ലാം വിവാദത്തിലായിട്ടുമുണ്ട്.
തീവ്രവാദികളാണ് ആദ്യം വെടിവെച്ചതെന്നും ആത്മരക്ഷാര്‍ഥം പോലീസ് തിരിച്ചു വെടിവെച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു എക്കാലത്തെയും ഔദ്യോഗിക ഭാഷ്യം. അവരെ പോലീസ് ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയാണുണ്ടായതെന്നാണ് വിപ്ലവ സംഘടനകളുടെ ആരോപണം. നക്‌സല്‍ വര്‍ഗീസ് മരിച്ചത് ഏറ്റുമുട്ടലിലല്ല, പോലീസ് പിടികൂടിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രസ്‌തുത ഓപറേഷനില്‍ പങ്കെടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ പിന്നീട് വെളിപ്പെടുത്തുകയും കൊലയ്‌ക്ക് ഉത്തരവ് നല്‍കിയ അന്നത്തെ ഐ ജിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്‌തു.
വൈത്തിരി റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയ വിവരം സൈബര്‍ സെല്‍ നിരീക്ഷണത്തിനിടെയാണ് പോലീസറിഞ്ഞത്‌്. അതേസമയം ജലീലിന്റെത് ആസൂത്രിത കൊലപാതകമാണെന്ന് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി പി റഷീദും ബന്ധുക്കളും പരാതിപ്പെടുന്നു. റിസോര്‍ട്ട് ജീവനക്കാരുടേതായി പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ ഇതിന് ബലമേകുന്നുമുണ്ട്.
പോലീസാണ് ആദ്യം വെടിവെച്ചതെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്. മാവോയിസ്റ്റുകളുടെ പെരുമാറ്റം മാന്യമായിരുന്നെന്നും 50,000 രൂപയും പത്ത് പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടെത്തിയ സംഘം വിനോദസഞ്ചാരികളെത്തിയപ്പോള്‍ റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ മാറിനിന്നതായും അവര്‍ വെളിപ്പെടുത്തി. ഔദ്യോഗിക കേന്ദ്രങ്ങള്‍ അവകാശപ്പെട്ടത് പോലെ ഏറ്റുമുട്ടലായിരുന്നെങ്കില്‍ പോലീസുകാര്‍ക്കും പരുക്ക് പറ്റുക സ്വാഭാവികമാണ്. എന്ന ഒരു പോലീസുകാരനും പേരിന് പോലും പരുക്കേറ്റിട്ടുമില്ല.
ഫ്യൂഡലിസത്തിനും മുതലാളിത്വത്തിനുമെതിരായ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമെന്നാണ് മാവോയിസ്റ്റുകള്‍ സ്വയം പരിചയപ്പെടുത്തുന്നത്. ചൈനയുടെ പരമോന്നത നേതാവായിരുന്ന മാവോ സേതുങ്ങിന്റെ ആശയങ്ങളെ പിന്തുടര്‍ന്ന് സമൂഹത്തിലെ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ വാങ്ങിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ഇവര്‍ ഇന്നു പക്ഷേ പലയിടത്തും നിര്‍ബന്ധിത പണപ്പിരിവുകാരായി മാറിയിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനമോ, ഭൂമിയില്ലാത്തവര്‍ക്ക് കിടപ്പാടത്തിനായുള്ള പോരാട്ടമോ ഇന്നില്ല. നിയമവിരുദ്ധ വനംമാഫിയയുമായി നല്ല ബന്ധമാണ് ഇവര്‍ക്ക്. ആവശ്യപ്പെട്ട പണം നല്‍കുന്നവരൊക്കെ അവരുടെ മിത്രങ്ങളാണ്.
പാവപ്പെട്ടവര്‍ക്കെന്ന പേരില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുന്ന മാവോയിസ്റ്റ് നേതാക്കളില്‍ പലരും കോടീശ്വരന്മാരും ആഡംബര ജീവിതം നയിക്കുന്നവരുമാണെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വൈത്തിരിയില്‍ ജലീലിന്റെ നേതൃത്വത്തില്‍ എത്തിയത് ഗുണ്ടാപിരിവുകാരെ പോലെ 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടായിരുന്നു. ഇത്രയും പണം കൈവശമില്ലെന്നറിയിച്ചപ്പോള്‍ കിട്ടിയേ തീരൂവെന്നവര്‍ ശാഠ്യം പിടിക്കുകയും ബാക്കി പണം എ ടി എമ്മില്‍ നിന്ന് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തീവ്രവാദം ആരോപിക്കപ്പെടുന്നവരെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കുകയല്ലാതെ ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുന്നത് ഭരണകൂട ഭീകരതയാണ്. മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരാന്‍ അന്വേഷണം ആവശ്യമാണ്.