മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്‌തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്‌മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.
ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ െ്രെകസ്‌തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
കുമ്പനാട് വട്ടക്കോട്ടാല്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്‌ക്കാട്ട് നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1922 മുതല്‍ 26 വരെ മാരാമണ്‍ പള്ളി വക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതല്‍ 1930 വരെ മാരാമണ്‍ മിഡില്‍ സ്‌കൂളിലും 1931 മുതല്‍ 32 വരെ കോഴഞ്ചേരി ഹൈസ്‌ക്കൂളിലും 1932 മുതല്‍ 33 വരെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂളിലും പഠനം. 1933 മുതല്‍ 39 വരെ ആലുവ യുസി കോളജ് വിദ്യാര്‍ഥി. ഇതിനിടെ 1936ല്‍ മാതാവിന്റെ വേര്‍പാട്. 1940ല്‍ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടര്‍ന്നു. 1943ല്‍ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ വൈദിക പഠനം.
മാതൃ ഇടവകയായ ഇരവിപേരൂര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ 1944ലെ പുതുവര്‍ഷ ദിനത്തില്‍ ശെമ്മാശപ്പട്ടവും അതേ വര്‍ഷം ജൂണ്‍ മൂന്നിനു വൈദികനുമായി. 1944ല്‍ ബെംഗളൂരു ഇടവക വികാരി. 1948ല്‍ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ല്‍ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാന്‍ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു. 1953ല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ, തോമസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്‌കോപ്പയായി അവരോധിക്കപ്പെടുന്നത്.
1953-54 കാലത്ത് കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളജില്‍ ഉപരിപഠനം. 1954ല്‍ കോട്ടയം- കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതല്‍ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ പദവി വഹിച്ചു. 1954ല്‍ അഖിലലോക സഭാ കൗണ്‍സില്‍ ഇവാന്‍സ്റ്റന്‍ സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ല്‍ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകന്‍. 1963ല്‍ മിഷനറി ബിഷപ്. 1968ല്‍ അടൂര്‍-കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ല്‍ അഖിലലോക സഭാ കൗണ്‍സില്‍ ഉപ്‌സാല സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭാ പ്രതിനിധി. 1975ല്‍ വീണ്ടും മിഷനറി ബിഷപ്.
1978 മേയ് മാസം സഫ്രഗന്‍ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയര്‍ത്തപ്പെട്ടു. 1980ല്‍ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ല്‍ റാന്നി-നിലയ്‌ക്കല്‍, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂര്‍-തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍. 1999 മാര്‍ച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബര്‍ 23ന് സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിന്‍റെ ആത്മീയ-സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.
മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാള്‍ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ജനമനസ്സുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ആത്മീയ പ്രഭാഷകന്‍. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍.
മാരാമണ്‍ കണ്‍വന്‍ഷന്റെ 125 വര്‍ഷത്തെ ചരിത്രത്തില്‍ 95 ലധികം കണ്‍വന്‍ഷനുകളില്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതല്‍ 2018 വരെ തുടര്‍ച്ചയായി 65 മാരാമണ്‍ കണ്‍വന്‍ഷനുകളില്‍ പ്രസംഗകനായി. എട്ട് മാരാമണ്‍ കണ്‍വന്‍ഷനുകള്‍ ഉദ്‌ഘാടനം ചെയ്‌തു. 2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും തുടര്‍ന്നു വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്‌ക്കുള്ളിലും പുറത്തും മാര്‍ ക്രിസോസ്റ്റം നിറഞ്ഞു നിന്നു.
രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അഞ്ചു സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തില്‍ നിന്നുളള വലിയ മെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ ഒരു നിര്‍മല ജീവിതത്തിന്റെ പരിസമാപ്‌തികൂടിയാണ്.