മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നു സുപ്രീംകോടതി. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി പറഞ്ഞു. അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതികരിച്ചത്.
എത്ര പേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക നാല് ഫ്‌ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ആള്‍നാശത്തിനു കാരണം അനധികൃത നിര്‍മാണങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. ഫ്‌ളാറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.