• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മരടിലെ ഫ്‌ലാറ്റ്‌ പൊളിക്കല്‍: സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടി സര്‍ക്കാര്‍

തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിന്‌ കൊച്ചി മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍, സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടി. വിധി നടപ്പാക്കുന്നതില്‍ എന്തെങ്കിലും ഇളവ്‌ സുപ്രീം കോടതിയില്‍ നിന്നു നേടാനാകുമോ എന്നറിയുന്നതിനാണ്‌ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരിക്കുന്നത്‌.

വിധിയുടെ വിവിധ വശങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. ഈ മാസം 23ന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ഹാജരായേക്കും. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക്‌ അടയിന്തിരമായി കടക്കാന്‍ സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാരിന്‌ നിയമോപദേശം നല്‍കി. ഇതിന്റെ ഭാഗമായാണ്‌ ചീഫ്‌ സെക്രട്ടറി പൊളിക്കേണ്ട ഫ്‌ലാറ്റുകള്‍ സന്ദര്‍ശിക്കുകയും നഗരസഭ ഫ്‌ലാറ്റുടമകള്‍ക്ക്‌ ഒഴിയുന്നതിനുള്ള നോട്ടിസ്‌ നല്‍കുകയും ചെയ്‌തിരിക്കുന്നത്‌. വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ താല്‍പര്യമില്ല എന്ന നിലയിലേയ്‌ക്ക്‌ കാര്യങ്ങള്‍ പോകുന്നത്‌ കൂടുതല്‍ അപകടകരമാകുകയും കൂടുതല്‍ നടപടികളിലേക്ക്‌ കോടതി കടക്കാന്‍ ഇടയുണ്ടെന്നുമാണ്‌ വിലയിരുത്തല്‍.

അതേ സമയം ഫ്‌ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ അതിഥി മന്ദിരങ്ങളിലേക്ക്‌ മാറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ആരും മാറി താമസിക്കാന്‍ തയാറായിട്ടില്ല. ഫ്‌ലാറ്റുകളില്‍ നിന്ന്‌ ഇറങ്ങില്ലെന്ന കര്‍ശന നിലപാടിലാണ്‌ താമസക്കാര്‍. ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക്‌ പിന്തുണയുമായി ഇതിനിടെ നിരവധി സംഘടനകളും തദ്ദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്‌.

Top