മരടിലെ രണ്ടാം ദിവസത്തെ ഫ്‌ലാറ്റ് പൊളിക്കലിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍. ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് ഞായറാഴ്‌ച പൊളിക്കുന്നത്. ഏറ്റവും അവസാനം പൊളിക്കുന്ന ഗോള്‍ഡന്‍ കായലോരത്തെ മോക്‌ഡ്രില്ലും പൂര്‍ത്തിയാക്കി. രാവിലെ 11ന് ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് പൊളിക്കും, രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും.
എഡിഫസ് എന്‍ജിനിയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ലാറ്റുകളും പൊളിക്കുന്നത്. 122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ലാറ്റ്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. അനധികൃതമായി കെട്ടിപ്പൊക്കിയ രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ മൂന്നു നിര്‍മിതികളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ശനിയാഴ്‌ച പൊളിച്ചു വീഴ്‌ത്തിയത്. നിശ്ചയിച്ചതില്‍ നിന്നു കുറച്ചു നിമിഷങ്ങള്‍ വൈകിയെങ്കിലും വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി.
11 മണിക്കു പൊളിക്കാന്‍ നിശ്ചയിച്ചിരുന്ന എച്ച്2ഒ ഹോളിഫെയ്‌ത് സ്‌ഫോടനം സുരക്ഷാ അവലോകനങ്ങള്‍ക്ക് ശേഷം 11.17നാണ് നിലംപൊത്തിയത്. ഇതിനു ശേഷം 11.44ന് 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്റെ രണ്ടു ടവറുകളും കോണ്‍ക്രീറ്റ് കൂമ്പാരമായി നിലംപതിച്ചു. അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ഞായറാഴ്‌ച നടത്തുന്ന നടപടിയില്‍ അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും.