ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ(60) ഇനി ഓര്‍മ്മ. തലച്ചോറില്‍ ശസ്‌ത്രക്രിയക്കു ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. 1986 ല്‍ അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോകഫുട്‌ബോളിലെ ജീവിക്കുന്ന ഇതിഹാസമായത് കളിക്കളത്തിലെ മാന്ത്രികത കൊണ്ടായിരുന്നു. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ 2�1 വിജയം നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ ' ഗോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിന്നുമൊരു വിസ്‌മയമാണ്. ആകാശത്തിന്റെയും കടലിന്റെയും നിറമുള്ള അര്‍ജന്റീനയുടെ ജഴ്‌സിക്ക് സാര്‍വദേശീയ അംഗീകാരം നേടിക്കൊടുത്ത കളിക്കാരനായിരുന്നു മറഡോണ. 80 കളില്‍ ക്ലബ്ബ് ഫുട്‌ബോളിലും മറഡോണ താരമായി തിളങ്ങി.1987 ല്‍ നാപ്പോളിയെ പ്രഥമ ഇറ്റാലിയന്‍ സെറി എ കിരീടത്തിലേക്ക് നയിച്ചത് കൊച്ചു മറഡോണയായിരുന്നു. 1991 ല്‍ യുവേഫ കിരീടവും നാപ്പോളിക്ക് മറഡോണ നേടിക്കൊടുത്തു. അസാധാരണമായ ഡ്രിബ്ലിങ്, അതിവേഗത്തിലുള്ള മുന്നേറ്റം, ലക്ഷ്യത്തിലേക്കുള്ള ചടുലമായ പ്രയാണം എന്നിവയെല്ലാം മറഡോണയെ വ്യത്യസ്‌തനാക്കി. കളിക്കളങ്ങളിലെ അമാനുഷ ശരീരങ്ങള്‍ക്കിടയില്‍ മറഡോണ എന്ന മനുഷ്യന്‍ പന്തിനെ വരുതിയിലാക്കി നടത്തിയ മുന്നേറ്റങ്ങള്‍ അദ്ദേഹത്തിന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. ഹൃദയ സംബന്ധമായ അസുഖത്തിന് 2000 മുതല്‍ ചികില്‍സയിലായിരുന്നു.1960 ഒക്ടോബര്‍ 30 ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജനനം .ജൂനിയര്‍ തലത്തില്‍ മികവു തെളിയിച്ച ശേഷം 1977 ല്‍ ദേശീയ ടീമിലെത്തി. ബൊക്ക ജൂനിയേഴ്‌സായിരുന്നു ആദ്യ പ്രഫഷണല്‍ ക്ലബ്ബ്.1982 ലോകകപ്പിനു പിന്നാലെ മറഡോണ യൂറോപ്പിന്റെ കളിത്തട്ടിലെത്തി. ബാര്‍സിലോനയുടെ ജഴ്‌സിയണിഞ്ഞായിരുന്നു ആ തുടക്കം. ബാര്‍സയില്‍ തിളങ്ങാന്‍ കഴിയാതെ പോയ മറഡോണ ഇറ്റലിയില്‍ പെട്ടെന്നു പ്രശസ്‌തനായി. നാപ്പോളിയുടെ സ്‌െ്രെടക്കറില്‍ നിന്ന് അര്‍ജന്റീനയുടെ ലോകകപ്പ് വിജയനായകനിലേക്ക് മറഡോണയെത്തുമ്പോള്‍ ലോകം ആ കളിവീരന്റെ കാല്‍ക്കീഴിലായിരുന്നു. 1986 മെക്‌സിക്കോ ലോകകപ്പ് മറഡോണയുടെ മാത്രം ലോകകപ്പായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തിയ മറഡോണയുടെ ഗോള്‍. പെലെയുടെ ഇതിഹാസ മല്‍സരങ്ങള്‍ കാണാന്‍ കഴിയാതിരുന്ന ഫുട്‌ബോള്‍ ലോകം മറഡോണയിലെ മാന്ത്രികനെ വാഴ്‌ത്തിയ നാളുകള്‍. പിന്നീട് രണ്ടു ലോകകപ്പുകള്‍ കൂടി മറഡോണ കളിച്ചു. 1990 ലും 1994 ലും.1990 ല്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ച മാന്ത്രികന് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 1997 ല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മെസ്സിയുള്‍പ്പെടെയുള്ള അര്‍ജന്റീന ടീമിനെ പരിശീലിപ്പിച്ച് കോച്ചായി മറഡോണയെത്തിയെങ്കിലും ടീം ക്വാര്‍ട്ടറില്‍ വീണു.പിന്നീട് മറഡോണ ദുബായിലും മറ്റും ടീമുകളുടെ പരിശീലകനായെത്തി. ഫുട്‌ബോളില്‍ അനായാസ ചലനങ്ങളുമായി കുതിച്ചു പാഞ്ഞ മറഡോണ കളിക്കളത്തിനു പുറത്ത് വലിയ ശരീരവുമായാണ് വേച്ചുവേച്ചു നീങ്ങിയത്. എന്നിട്ടും മറഡോണയ്‌ക്ക് ലോകമെങ്ങും ആരാധകരുണ്ടായി. കൊല്‍ക്കത്തയിലും കണ്ണൂരും പറന്നിറങ്ങിയ മറഡോണയെ ജനം ആവേശത്തോടെ വരവേറ്റു. ലോകഫുട്‌ബോളില്‍ മറഡോണക്ക് തുല്യം മറഡോണ മാത്രം.