പമ്പാ നദീതീരത്തെ അനുഗ്രഹീതമായ മാരാമണ്‍ മണല്‍പ്പുറത്ത് നടന്ന 126-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പങ്കെടുത്തവരില്‍ അഭിഷേകാഗ്നി പരത്തുന്നതായി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പങ്കെടുത്തവരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടാണ് കണ്‍വന്‍ഷന് ഇത്തവണ വേദിയൊരുങ്ങിയത്. ഒരേസമയം 200 പേര്‍ക്ക് മാത്രം പന്തലില്‍ പ്രവേശനം അനുവദിക്കുന്ന വിധത്തിലായിരുന്നു ഇത്തവണത്തെ കണ്‍വന്‍ഷന്റെ ക്രമീകരണം. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഫെബ്രുവരി 14ന് ഉദ്‌ഘാടനം ചെയ്‌ത മണല്‍പ്പുറത്തെ വിശുദ്ധ സംഗമം ഒരാഴ്‌ചക്കാലം വചനവിരുന്നിന്റെ അനുഗ്രഹീത ദിനങ്ങളാണ് സമ്മാനിച്ചത്. ലോക പ്രശസ്‌തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇക്കുറി നടന്നത് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. പങ്കെടുത്തവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് വിശ്വാസികളാണ് കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ ശ്വവിച്ചത്. മനസ്, ഹൃദയം, വീക്ഷണം, കാഴ്‌ചപ്പാടുകള്‍ എന്നിവയുടെ വാതിലുകള്‍ ഇനിയും തുറക്കപ്പെടണമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനവേളയില്‍ സഭാജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ജനാധിപത്യത്തിന്റെ ദുഷിപ്പുകളെ പ്രതിരോധിക്കണമെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ചു. മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്ന സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്‍റ് ഡോ.യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാര്‍ക്കു പുറമേ എം.പിമാര്‍, എം എല്‍ എ മാര്‍, വിവിധ ജനപ്രതിനിധികള്‍, സഭാ ഭാരവാഹികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. മാരാമണ്‍ മണല്‍പ്പുറത്ത് പ്രത്യേകം തയാറാക്കിയ പന്തലിലാണ് കണ്‍വഷന്‍ നടന്നത്. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന കണ്‍വന്‍ഷനില്‍ പതിവുപോലെ ഇതിതവണയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു. പമ്പയിലെ ജലനിരപ്പ് കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ നിയന്ത്രിക്കുന്നതിന് വൈദ്യുതി വകുപ്പും പമ്പ ഇറിഗേഷന്‍ പ്രോജക്ടും നടപടി എടുത്തിരുന്നു. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ പ്രഥമ ശുശ്രൂഷയ്‌ക്കുള്ള മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിരുന്നു കെ.എസ്.ആര്‍.ടി.സി കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തി. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകളാണ് പന്തല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കിയത്.. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്‌തിരുന്നു. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് വകുപ്പുകള്‍ എന്നിവയും കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കളക്ടര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ആണ് ഏകോപിപ്പിച്ചത്. തിരുവല്ല, കോഴഞ്ചേരി തഹസില്‍ദാര്‍മാരെ കോഓര്‍ഡിനേറ്ററായും നിയോഗിച്ചിരുന്നു. കണ്‍വന്‍ഷന്‍ നഗറും പരിസര പ്രദേശങ്ങളും ഇത്തവണയും പതിവുപോലെ യാചക നിരോധനമേഖലയായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തുതല സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു.