രാഹുല്‍ ഗാന്ധിക്കൊപ്പമെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഉറക്കംകെടുത്തി മരപ്പട്ടി രംഗപ്രവേശം ചെയ്തത് പ്രിയങ്കയുടെ മാത്രമല്ല, നിയമപാലകരുടേയും ഉറക്കം കെടുത്തി. വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ ഇത് നാടകീയമായ രംഗങ്ങള്‍ക്കാണ് വഴിവെച്ചത്. ഗസ്റ്റ്ഹൗസിന്റെ തട്ടുംപുറത്തായിരുന്നു തീവ്രവാദിയുടെ വേഷത്തില്‍ മരപ്പട്ടി എത്തിയത്.
രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കു ശേഷം പതിനൊന്നരയോടെയാണ് മുറിയില്‍ ഉറങ്ങാനെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ തട്ടിന്മുകളില്നിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്മുകളില് ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ അസ്വസ്ഥയാക്കി. അല്‍പ്പനേരം പോലീസ് മരപ്പട്ടിയെ ഒതുക്കാന്‍ പ്രയത്നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലര്‍ച്ചെ മാറാനുള്ള ആലോചനയായി. അവിടേക്ക് പോകാന്‍ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളില് നിന്ന് മാറിപ്പോയതോടെ ഗസ്റ്റ്ഹൗസില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.