ന്യൂയോര്‍ക്ക്: ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കുടുംബ സംഗമം ആയ മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സില്‍ മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ജൂണ്‍ 30 ന് വൈകീട്ട് ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്ന മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്തായെ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.മാര്‍ ഫിലക്സിനോസ്, സെക്രട്ടറി റവ.മനോജ് ഇടുക്കള, ട്രഷറാര്‍ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ജൂലൈ മൂന്ന്, നാല് തീയതികളില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മപള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ പട്ടക്കാരുടെ കോണ്ഫ്രറന്സിലും, കൗണ്‍സില്‍, അസംബ്ലി എന്നീ സമ്മേളനങ്ങളിലും പങ്കെടുക്കും.
പട്ടത്വശുശ്രൂഷയുടെ വജ്രജൂബിലിയും, 88-മത് ജന്മദിനവും ആഘോഷിക്കുന്ന ഡോ.ജോസഫ് മാര്‍ത്തോമ്മ മലങ്കര പൈതൃകവും നവീകരണ ചിന്തയും നിലനിര്‍ത്തിയ മാരാമണ്‍ പാലക്കുന്നത്ത് തറവാട്ടിലെ മെത്രാപ്പോലീത്താമാരുടെ നിരയില്‍ അഞ്ചാമനാണ്.