ഹൂസ്റ്റൺ: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കുടുംബ സംഗമം ആയ 32 മത് ഫാമിലി കോൺഫറൻസ് ജൂലൈ 8 ഞായറാഴ്ച കോൺഫ്രറൻസ് വേദിയായ ഹോട്ടൽ ഹിൽട്ടണിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിൽ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തിമൊഥിയോസ്, ഡോ.ഐസക് മാർ ഫിലക്സിനോസ് എന്നീ ബിഷപ്പുമാരുടെ സഹകാർമ്മികത്വത്തിലും നടന്ന വിശുദ്ധ കുർബാന ശുശ്രുഷയോടുകൂടി ആത്മീയ പ്രഭചൊരിഞ്ഞ് സമംഗളം സമാപിച്ചു.
ദൈവത്താൽ സംയോജിക്കപ്പെട്ടവർ, സേവനത്തിനായി സമർപ്പിതർ (United by God; Committed to Serve ) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. അഭിവന്ദ്യ ബിഷപ്പുമാരെ കൂടാതെ സ്വിറ്റ്സർലൻഡ് മാർത്തോമ്മ ഇടവക വികാരിയും ബഹുമുഖ പണ്ഡിതനും ആയ റവ.സാം ടി.കോശി എന്നിവരാണ് പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകിയത്. ജൂലൈ 5 വ്യാഴാഴ്ച വൈകിട്ട് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി പട്ടക്കാർ ഉൾപ്പടെ ഏകദേശം ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
മേൽപ്പട്ട സ്ഥാനത്ത് ഇരുപത്തിയഞ്ചു വർഷം പൂർത്തീകരിക്കുന്ന തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപൻ ബിഷപ് ജോസഫ് മാർ ബർന്നബാസ്, ചെങ്ങന്നൂർ-മാവേലിക്കര ഭദ്രസനാധിപൻ ബിഷപ് തോമസ് മാർ തിമോഥിയോസ്, നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ഡോ.ജോസഫാർത്തോമ്മയുടെ അധ്യക്ഷതയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അമേരിക്കയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിനെ പ്രതിനിധികരിച്ച് ജനറൽ സെക്രട്ടറി റവ.ഡോ.ജിം വിൻക്ടർ, ഭദ്രാസനത്തിലെ വൈദികരെ പ്രതിനിധികരിച്ച് സഭാകൗൺസിൽ മെംബർ റവ.ജോജി തോമസ്, അത്മായ സമൂഹത്തെ പ്രതിനിധികരിച്ച് എൻ.എം ഫിലിപ്പ് ചിക്കാഗോ, സേവികാസംഘം ഭദ്രാസന സെക്രട്ടറി ജോളി ബാബു, യൂത്തിനെ പ്രതിനിധികരിച്ച് ഭദ്രാസന കൗൺസിൽ മെംബർ ഡോ.ലീൻ കീരിക്കാട് എന്നിവർ ആശംസകൾ നേർന്നു.
ഭദ്രാസനത്തിന്റെയും, കോൺഫറൻസിന്റെയും വകയായുള്ള ഉപഹാരം മാർത്തോമ്മ സഭാ കൗൺസിൽ അംഗങ്ങൾ ആയ വർക്കി എബ്രഹാം, നിർമ്മല എബ്രഹാം, ഭദ്രാസന ട്രഷറാർ പ്രഫ.ഫിലിപ്പ് തോമസ് , കോൺഫ്രറൻസ് സെക്രട്ടറി ജോൺ കെ.ഫിലിപ്പ്, ട്രഷറാർ സജു കോര, അക്കൗണ്ടന്റ് എബി ജോർജ് എന്നിവർ നൽകി. ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കള സ്വാഗതവും, കോൺഫ്രറൻസ് കൺവീനർ റവ. എബ്രഹാം വർഗീസ് നന്ദിയും രേഖപ്പെടുത്തി. സെബാൻ സാം, സാം റോജിൻ ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മാർത്തോമ്മ മെത്രാപ്പോലീത്തയടക്കം നാല് ബിഷപ്പുമാർ പങ്കെടുത്ത അമേരിക്കയിലെ മാർത്തോമ്മ സഭയുടെ ആദ്യത്ത ഫാമിലി കോൺഫറൻസ് എന്ന പ്രത്യേകതയും ഈ കുടുംബ സംഗമത്തിനുണ്ട്.