• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മാർത്തോമ്മ റീജിയണൽ കോൺഫ്രറൻസ് ഡാലസിൽ വേറിട്ട അനുഭവമായി.

ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിൽപ്പെട്ട ഇടവക മിഷൻ, സേവികാസംഘം, യുവജനസഖ്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 16, 17 (വെള്ളി, ശനി ) തീയതികളിൽ ഡാലസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ ഇടവകയിൽ വെച്ച് നടത്തപ്പെട്ട റീജിയണൽ കോൺഫ്രറൻസ് വേറിട്ട അനുഭവമായി.

ഹ്യൂസ്റ്റൺ, ഡാലസ്. ഒക്ലഹോമ, ഓസ്റ്റിൻ, കൊളറാഡോ, ലബക്ക് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം അഞ്ഞൂറിൽ പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമൃദ്ധിയായ ജീവൻ എന്നാതായിരുന്നു മുഖ്യ ചിന്താവിഷയം, മാർത്തോമ്മ സഭയുടെ മുൻ സഭാ സെക്രട്ടറിയും, സീനിയർ വികാരി ജനറാളും ആയ വെരി.റവ.ഡോ, ചെറിയാൻ തോമസ് മുഖ്യാഥിതി ആയിരുന്നു. റവ.പി.സി സജി, റവ.മാത്യൂസ് ഫിലിപ്പ്, റവ.വിജു വർഗീസ്, റവ.ഷൈജു പി.ജോൺ, റവ,ജോൺസൺ ടി. ഉണ്ണിത്താൻ, റവ, അലക്സ് കെ.ചാക്കോ, റവ.എബ്രഹാം വർഗീസ്, റവ.സോനു എസ്.വർഗീസ്, റവ.തോമസ് കുര്യൻ എന്നീ വൈദീകരുടെ സാന്നിധ്യവും സമ്മേളനത്തിന് നിറപ്പകിട്ടേകി.

റവ.അലക്സ് കെ. ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗം ഭദ്രാസന ട്രഷറാർ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ, ഇടവക മിഷൻ ഭദ്രാസന സെക്രട്ടറി റെജി വർഗീസ്, സേവികാസംഘം ഭദ്രാസന സെക്രട്ടറി ജോളി ബാബു, യുവജനസഖ്യം ഭദ്രാസന സെക്രട്ടറി അജു മാത്യു, ഇടവക മിഷൻ, യുവജനസഖ്യം എന്നിവയുടെ റീജിയണൽ സെക്രട്ടറിമാരായ സാം അലക്സ്, ബിജി ജോബി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഓടിയാത്ത കമ്പിലെ പൊട്ടാത്ത വള്ളിപ്പോലുള്ള ബന്ധം ആയിരിക്കണം മനുഷ്യനും ദൈവവും ആയിട്ട് ഉണ്ടാകേണ്ടത്. എങ്കിലേ നിത്യജീവന്റെ അവകാശം ലഭിക്കുവാൻ സാധിക്കൂ എന്ന് ഉൽഘാടനദിവസം റവ.ഡോ. ചെറിയാൻ തോമസ് ഉത്ബോധിപ്പിച്ചു. രണ്ടാം ദിവസം ശ്രീമതി. ആശാ മേരി മാത്യു തന്റെ പ്രസംഗത്തിൽ ലോകചിന്തയിൽ മനുഷ്യൻ ആയിരിക്കുമ്പോൾ അവൻ ആകുലതകളിൽ അകപ്പെട്ടുപോകാൻ ഏറെ സാധ്യത ഉണ്ട് ആയതിനാൽ അതിൽ നിന്ന് മോചനം നേടുവാൻ ദൈവിക ചിന്ത ഏറെ അനിവാര്യം ആണന്ന് ഓർമ്മപ്പെടുത്തി. ഡോ.വി.ടി സാമുവലിന്റെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളും കോൺഫ്രറൻസിന്റെ മറ്റൊരു പ്രത്യേകത ആയിരുന്നു.

സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് റീജണിൽ നിന്നും ഇന്ത്യയിലെ വിവിധ ഇടവകളിലേക്ക് മടങ്ങിപ്പോകുന്ന വൈദീകരായ റവ.പി.സി സജി, റവ.ജോൺസൺ ടി.ഉണ്ണിത്താൻ, റവ.മാത്യൂസ് ഫിലിപ്പ്, റവ.ഷൈജു പി.ജോൺ, റവ. തോമസ് കുര്യൻ, റവ.മാത്യു സാമുവേൽ, റവ.അലക്സ് കെ.ചാക്കോ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകി.

കോൺഫ്രറൻസ് ജനറൽ കൺവീനർ മാത്യു പി.എബ്രഹാം സ്വാഗതവും, സാക്സ് സുനിൽ സഖറിയാ കൃതജ്ഞതയും രേഖപ്പെടുത്തി. സെഹിയോൻ ഇടവകയുടെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഫിലിപ്പ് മാത്യു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

 

Top