വിദേശവിപണികളില്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ ഇറക്കുന്ന കടപ്പത്രങ്ങളെയാണ് മസാല ബോണ്ട് എന്നുപറയുന്നത്. ലോകബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യയില്‍നിന്നുള്ള ഇത്തരം ബോണ്ടുകള്‍ക്ക് മസാല ബോണ്ട് എന്ന് പേരിട്ടത്. ഇന്ത്യയുടെ രുചിസംസ്‌കാരം അന്താരാഷ്ട്രവിപണിയില്‍ പ്രചരിപ്പിക്കാമെന്ന ലക്ഷ്യം കൂടിവെച്ചാണ് രൂപയിലുള്ള ബോണ്ടുകള്‍ക്ക് അവര്‍ മസാല ബോണ്ട് എന്ന് പേരിട്ടത്. ഇന്ത്യയുടെ പരമ്പരാഗതവിഭവമാണല്ലോ സുഗന്ധവ്യഞ്‌ജനങ്ങള്‍. ആദ്യമായി ഇത്തരം ബോണ്ടുകള്‍ വിപണിയിലിറക്കിയതും ഐ.എഫ്.സി. തന്നെ. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി 1000 കോടി രൂപയാണ് അവര്‍ സമാഹരിച്ചത്.
അടിസ്ഥാനസൗകര്യവികസനത്തിന് പണം കണ്ടെത്താനായി കേരള സര്‍ക്കാര്‍ രൂപവത്‌കരിച്ച പ്രസ്ഥാനമാണ് കേരള അടിസ്ഥാന വികസന നിക്ഷേപക ബോര്‍ഡ് (കിഫ്‌ബി). ഇപ്പോഴിതാ കിഫ്‌ബിയും മസാല ബോണ്ടുവഴി പണം സമാഹരിച്ചിരിക്കുന്നു; 2150 കോടി രൂപ. ഒരു സംസ്ഥാനം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രവിപണിയില്‍നിന്ന് മസാല ബോണ്ടുവഴി തുക സമാഹരിക്കുന്നത് ഇന്ത്യയില്‍ത്തന്നെ ആദ്യമാണ്.
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് വലിയ കുതിപ്പിന് വഴിവെക്കുന്നതാണ് മസാല ബോണ്ട് വഴിയുള്ള നിക്ഷേപസമാഹരണം. 9.723 ശതമാനം പലിശനിരക്കിലാണ് തുക സമാഹരിച്ചത്. വിദേശനാണ്യവിപണിയില്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്കെതിരേ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം ബാധിക്കില്ല എന്നതാണ് മസാല ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്കുള്ള നേട്ടം.
2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്‌ബിയുടേത്. ഇതുവരെ, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങില്‍ 'എ.എ.എ.' റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ക്കുമാത്രമേ ഇത്തരം ബോണ്ടുകളുമായി വിപണിയെ സമീപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് 'ബി.ബി.ബി.' റേറ്റിങ്ങാണ്. രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജന്‍സിക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ 'ബി.ബി.' റേറ്റിങ്ങാണ് കിഫ്‌ബിക്ക് ലഭിച്ചത്. ലഭിക്കാവുന്നതില്‍വെച്ച് ഏറ്റവും മികച്ച ഗ്രേഡ്. അന്താരാഷ്ട്ര വിപണിയില്‍നിന്ന് വിജയകരമായി മസാല ബോണ്ടുകളിലൂടെ പണം സ്വരൂപിക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. തിരിച്ചടവിന് ദീര്‍ഘകാലത്തെ സാവകാശമുണ്ടെന്നതാണ് ഈ ബോണ്ടിന്റെ മറ്റൊരു നേട്ടം. അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ പണം മുടക്കുമ്പോള്‍ അതില്‍നിന്നുള്ള വരുമാനത്തിന് സമയമെടുക്കും.
കേരള ഫൈബര്‍ ഓപ്‌റ്റിക്ക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍), കൊച്ചിയിലെ പെട്രോകെമിക്കല്‍ പാര്‍ക്ക്, ഫാര്‍മ പാര്‍ക്ക്, മലയോര ദേശീയപാത, വൈദ്യുതപ്രസരണശൃംഖല തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ക്കാവും മസാല ബോണ്ടിലൂടെ സമാഹരിച്ച തുക വിനിയോഗിക്കുക. 42,363 കോടി രൂപയുടെ 533 അടിസ്ഥാനസൗകര്യപദ്ധതികളാണ് കിഫ്‌ബിയുടെ പരിഗണനയിലുള്ളത്. ഇതില്‍ 238 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. 193 പദ്ധതികളുടെ നിര്‍മാണം തുടങ്ങി. വിവിധ പദ്ധതികള്‍ക്കായി ഏതാണ്ട് 1500 കോടി രൂപ കരാറുകാര്‍ക്ക് നല്‍കി.
2150 കോടി രൂപ മസാല ബോണ്ടിലൂടെ നേടിയതോടെ കിഫ്‌ബി ഇതുവരെ സമാഹരിച്ച തുക 7527 കോടി രൂപയിലെത്തി. വായ്‌പയായി ലഭിച്ച 2400 കോടി രൂപ കൂടിയാകുമ്പോള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പണം മുന്‍കൂറായിത്തന്നെ സമാഹരിക്കാന്‍ കഴിഞ്ഞു. 2019'20 സാമ്പത്തികവര്‍ഷം 10,000 കോടി രൂപയുടെ പദ്ധതികളാവും നടപ്പാക്കുക. മസാല ബോണ്ടിന്റെ കാലാവധി ഒരാഴ്‌ചകൂടി നീട്ടിയാല്‍ ഇതുവഴി ലഭിക്കുന്ന തുക 2600 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും അന്താരാഷ്ട്ര കടപ്പത്രവിപണിയില്‍ പുതിയൊരു മാതൃകയാണ് കിഫ്‌ബിയുടെ മസാല ബോണ്ട് സൃഷ്ടിച്ചത്. മസാല ബോണ്ടിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വളരെ വേഗത്തിലും കാര്യക്ഷമതയോടെയും പദ്ധതികള്‍ നടത്താനായാല്‍ കേരളത്തിന് വികസനരംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കഴിയും. ഒപ്പം വരുംനാളുകളില്‍ ഈ മാതൃകയില്‍ കൂടുതല്‍ തുക സമാഹരിക്കുന്നതും എളുപ്പമാകും.