ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി യുഎന്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ വന്‍ നയതന്ത്ര വിജയമായാണു യുഎന്‍ നീക്കത്തെ വിലയിരുത്തുന്നത്. മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിര്‍ത്ത ചൈന ഇത്തവണ എതിര്‍വാദങ്ങള്‍ ഉന്നയിച്ചില്ല.
ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്‌ഹറിന്റെ സ്വത്ത് മരവിപ്പിക്കും. മസൂദിന്റെ കാര്യത്തില്‍ നിലപാടു മാറ്റുന്നതിന് ഇന്ത്യയ്‌ക്കു പുറമേ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചൈനയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മസൂദ് അസ്‌ഹര്‍ തലവനായിട്ടുള്ള ജയ്‌ഷെ മുഹമ്മദാണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍.
യുഎന്‍ നടപടിക്കായി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്‌ബറുദീന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. മസൂദ് അസ്‌ഹറിനെ ആഗോളഭീകരനായി യുഎന്‍ പ്രഖ്യാപിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മിന്നലാക്രമണമാണെന്ന് ബിജെപി അവകാശപ്പെട്ടു. മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ അടുത്തിടെ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.