തമിഴ് ഡബ്ബിങ് യൂണിയനില്‍ നിന്നും ഗായിക ചിന്‍മയിയെ പുറത്താക്കിയ നടപടി ചെന്നൈ സിവില്‍ കോടതി സ്‌റ്റേ ചെയ്‌തു. യാതൊരു കാരണവുമില്ലാതെയാണ് തന്നെ പുറത്താക്കിയതെന്ന ചിന്‍മയിയുടെ ഹര്‍ജിയിലാണു കോടതി ഇടപെടല്‍.
തമിഴ് സിനിമാ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഗായിക ചിന്‍മയിയുടെ മീടു വെളിപ്പെടുത്തല്‍. പ്രശസ്‌ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ചിന്‍മയി ലൈംഗികാരോപണം ഉന്നയിച്ചത്. ഇതില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും തമിഴ് ഡബ്ബിങ് യൂണിയനില്‍ നിന്നും ചിന്‍മയിയെ പുറത്താക്കുകയുമായിരുന്നു.
സംഘടനയുടെ വിലക്കു കാരണം കഴിഞ്ഞ നവംബറിനു ശേഷം ചിന്‍മയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടപടി പിന്‍വലിക്കുന്നതിനായി മാപ്പു പറയണമെന്നും ഒന്നര ലക്ഷം രൂപ നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടതായും ചിന്‍മയി മുന്‍പ് പറഞ്ഞിരുന്നു. സ്‌റ്റേ അനുവദിച്ചെങ്കിലും വലിയൊരു നിയമപോരാട്ടമാണ് ഇനി വരാനിരിക്കുന്നതെന്നും നീതി നടപ്പാകുമെന്ന് കരുതുന്നതായും ചിന്‍മയി പ്രതികരിച്ചു.
രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ല എന്ന കാരണം പറഞ്ഞാണ് ഡബ്ബിങ് യൂണിയനില്‍ നിന്നും ചിന്‍മയിയെ പുറത്താക്കിയത്. രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്തുശതമാനം ഈടാക്കിയിരുന്നുവെന്ന് ചിന്‍മയി പറഞ്ഞിരുന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു വൈരമുത്തുവിനെതിരെ ചിന്‍മയിയുടെ ഗുരുതര ലൈംഗികാരോപണം. വൈരമുത്തു രണ്ടു തവണ മോശമായി പെരുമാറിയെന്നാണ് അവര്‍ ട്വീറ്റ് ചെയ്‌തത്.