സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കും. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഫീസ് പുനര്‍നിര്‍ണയിക്കാതെ സഹകരിക്കില്ലെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു.
സ്വാശ്രയ കോളജുകളിലെ ഫീസ് അനിശ്ചിതത്വം മൂലം മെഡിക്കല്‍ പ്രവേശന നടപടികള്‍ ഇനിയും തുടങ്ങാനായില്ല. ഫീസില്‍ ധാരണയിലെത്തുന്നതിനു സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി ജൂലൈ മൂന്നിനു സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
മെഡിക്കല്‍ പ്രവേശനം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഉത്തരവ് ലഭിക്കുന്നപക്ഷം, ഓപ്‌ഷന്‍ റജിസ്‌ട്രേഷനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഇറക്കിയേക്കും.
ഓപ്‌ഷന്‍ റജിസ്‌ട്രേഷന്‍ തുടങ്ങുമ്പോള്‍ സ്വാശ്രയ സീറ്റുകള്‍ ഉള്‍പ്പെടുത്തുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് ഒന്നിച്ച് ഓപ്‌ഷന്‍ വിളിക്കാമെന്ന നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് ആദ്യം നല്‍കിയത്. ഓപ്‌ഷന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കു മാത്രം മതിയെന്ന നിര്‍ദേശം പിന്നീട് എത്തുകയായിരുന്നു.