കൊച്ചി ∙ നിർദിഷ്ട വൈറ്റില മേൽപ്പാലത്തിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ ഇ.ശ്രീധരൻ രംഗത്ത്. നിലവിലെ പ്ലാൻ പ്രകാരം മേൽപ്പാലം നിർമിക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് ശ്രീധരൻ തുറന്നടിച്ചു. സംസ്ഥാന സർക്കാരല്ല മേൽപാലം നിർമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറ്റില മേൽപാല നിർമാണം അശാസ്ത്രീയമാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉപകരിക്കില്ലെന്നുമുള്ള വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് ഡൽഹി മെട്രോ റയിൽ കോർപറേഷൻ പ്രിൻസിപ്പൽ അഡ്വൈസർ ഇ.ശ്രീധരൻ നിലപാട് വ്യക്തമാക്കിയത്. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിക്കാൻ മാത്രമേ മേൽപ്പാലം ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരല്ല, ദേശീയ പാത അതോറിറ്റിയാണ് മേൽപാലം നിർമിക്കേണ്ടിയിരുന്നത്. താൻ നൽകിയ പദ്ധതി നിർദേശം പരിഗണിക്കപ്പെട്ടില്ല. ഭാവിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താവുന്ന വിധത്തിൽ താൻ നൽകിയ നിർദേശം സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ പറഞ്ഞു.
നേരത്തെ, വൈറ്റില മേൽപ്പാല നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബദൽ നിർദേശം മുന്നോട്ടുവച്ച കൊച്ചിയിലെ യുവ എൻജിനീയർ ഷമീർ അബ്ദുല്ലയെ ശ്രീധരൻ അഭിനന്ദിച്ചിരുന്നു.