നിലമ്ബൂര്‍: ഉരുള്‍പൊട്ടിയെത്തിയ മലവെള്ളം ആറു ജീവന്‍ കവര്‍ന്ന ദുരന്തത്തില്‍ വിറങ്ങലിച്ച് കാട്ടിനുള്ളിലെ കോളനികളില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാതെ നരകിക്കുമ്ബോള്‍ ദുരിതം പരിഹരിക്കാനെത്തിയ മന്ത്രിക്കും അനുയായികള്‍ക്കും മൃഷ്ടാന്നഭോജനം!
സൗജന്യ റേഷനടക്കമുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് മൂക്കുമുട്ടെ ഭക്ഷണവും കഴിച്ച് മന്ത്രി കെ.ടി ജലീലും പരിവാരങ്ങളും മടങ്ങിയിട്ടും ഒരു സഹായഹസ്തവും കാടിന്റെ മക്കളെ തേടിയെത്തിയില്ല. ചാലിയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളാണ് അഞ്ചു ദിവസമായി ദുരിതം തിന്ന് ജീവിക്കുന്നത്.
ചാലിയാര്‍ പഞ്ചായത്തിലെ മതിമൂല, അമ്ബുമല, പാലക്കയം, ചീങ്കണ്ണിപ്പാലി ആദിവാസി കോളനികള്‍ എതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെയുള്ളവരുടെ അരിയും ഭക്ഷണവും തീര്‍ന്നുപോയി പട്ടിണിയിലാണ്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാല്‍ മൊബൈല്‍ ഫോണില്‍പോലും പുറംലോകവുമായി ബന്ധപ്പെടാനാവാത്ത ദുരിതത്തിലാണിവര്‍.
ഉരുള്‍പൊട്ടലില്‍ ആറു ജീവനെടുത്ത എരുമു ചെട്ടിയാംപാറ കോളനിയില്‍ എട്ടു വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ചാലിയാര്‍ പഞ്ചായത്തില്‍ 60 വീടുകള്‍ തകര്‍ന്നു. ഇവര്‍ക്കൊന്നും ഒരുതരത്തിലുള്ള സര്‍ക്കാര്‍ സഹായവും ഇതുവരെ ലഭ്യമായിട്ടില്ല. നിലമ്ബൂര്‍ ഉള്‍വനത്തിലെ ചോലനായ്ക്കരടക്കമുള്ള പ്രാക്തനഗോത്രവിഭാഗങ്ങളും ഭക്ഷണമില്ലാതെ ദുരിതത്തിലാണ്.
കക്കാടംപൊയില്‍, വാളാംതോട്, തോട്ടപ്പള്ളി ഭാഗങ്ങളെല്ലാം തീര്‍ത്തും ഒറ്റപ്പെട്ടുകഴിഞ്ഞു. മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസങ്ങള്‍ നീക്കി റോഡ് ഗതാഗതം പുനസ്ഥാപിക്കാനോ വൈദ്യുതി തടസം പൂര്‍ണമായി നീക്കാനോ ഉള്ള ഒരു നടപടിയും കഴിഞ്ഞ അഞ്ചു ദിവസമായി ഉണ്ടായിട്ടില്ല. മണ്ണിടിഞ്ഞ് റോഡ് ഗതാഗതം നിലച്ചതായി പരാതിപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. നിലമ്ബൂര്‍- നായാടംപൊയില്‍ റോഡിലെ തടസങ്ങള്‍ കാരണം നിലമ്ബൂരില്‍ നിന്നും കക്കാടംപൊയിലിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസും നിര്‍ത്തിയിരിക്കുകയാണ്.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ ശശീന്ദ്രന്‍, കെ.ടി ജലീല്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരെല്ലാം നിലമ്ബൂരിലെത്തി ജില്ലാ കലക്ടറെയും ഉദ്യോഗസ്ഥരുടെയും എം.എല്‍.എമാരുടെയും സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ വിളിച്ചിരുന്നു. സൗജന്യ റേഷന്‍, സഹായധനം അടക്കം ഒട്ടേറെ വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍ ഒന്നും നടപ്പായില്ലെന്നു മാത്രം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളുമാണ് ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചു നല്‍കുന്നത്.
ദുരിതാശ്വാസ ക്യാമ്ബില്‍ വൈദ്യസഹായം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഭക്ഷണവും വസ്ത്രങ്ങളും അവശ്യസാധനങ്ങളും എത്തിച്ചു നല്‍കുന്നത് സന്നദ്ധ സംഘടനകളാണ്. നിലമ്ബൂരില്‍ മുറപോലെ നടക്കുന്നത് മന്ത്രിമാരുടെ അവലോകനയോഗങ്ങളും പ്രഖ്യാപനങ്ങളുംമാത്രം. അവലോകനയോഗവും പേരിനുള്ള ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശനവും ഫോട്ടെയെടുപ്പും കഴിഞ്ഞാല്‍ ഭക്ഷണത്തിലാണ് മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധ. ഈ നടപടിക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മറ്റ് ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുമ്ബോഴാണ് നിലമ്ബൂരിലെ ഈ വീഴ്ചയെന്നതും ശ്രദ്ധേയമാണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയകക്ഷി നേതൃത്വങ്ങളുമെല്ലാം അഭിപ്രായഭിന്നത മാറ്റിവെച്ച് ഒറ്റക്കെട്ടായാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
റിപ്പോര്‍ട്ട്; M. Vinod