തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ സര്‍ക്കാരിന്റെ കൈ പൂര്‍ണമായും അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കൂടി ആലോചിച്ച് നടത്തിയ ഗുരുത അഴിമതി അന്വേഷണമെന്ന ആവശ്യത്തില്‍ യുഡിഎഫ് ഉറച്ചു നില്ക്കുന്നു. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണമില്ലെങ്കില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് രാജിവയ്ക്കണമെന്നും യുഡിഎഫ് യോഗത്തിനുശേഷം ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രൂവറി വിഷയത്തില്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സിപിഎം പത്മവ്യൂഹത്തില്‍ ആയിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി പോലും വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ 11ന് ധര്‍ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ സമരത്തിന് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല പ്രതിസന്ധികള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദി. 1990ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഈ സര്‍ക്കാര്‍ അതിന് ഘടക വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പോലെ ഹര്‍ത്താലിനോ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്ന സമരങ്ങള്‍ക്കോ യുഡിഎഫ് ഇല്ല. സ്ത്രീപ്രവേശന വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന നിലപാടിലുറച്ച് നില്ക്കുന്നു. റിവ്യൂ ഹര്‍ജി തള്ളിയാല്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും ഇക്കാര്യം ബിജെപി നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും കള്ളക്കളി നടത്തി. വിശ്വാസി സമൂഹത്തെ കബളിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിച്ചു. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അക്രമങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.