• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോവിഡ്‌ നെഗറ്റീവ്‌; നിരീക്ഷണം തുടരും

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌. ആന്‍റിജന്‍ പരിശോധനയാണ്‌ നടത്തിയത്‌. മുഖ്യമന്ത്രി നിരീക്ഷണത്തില്‍ തുടരും. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്‌.

കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഏഴു മന്ത്രിമാരും നിയമസഭാ സ്‌പീക്കറുമാണ്‌ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്‌. മലപ്പുറം കലക്ടര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ എല്ലാവരും നിരീക്ഷണത്തില്‍ പോയത്‌. ചീഫ്‌ സെക്രട്ടറി, ഡിജിപി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്ന ജനപ്രതിനിധികളും നീരീക്ഷണത്തിലായി.

കരിപ്പൂര്‍ വിമാനപകട സ്ഥലം സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പുറമേ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍,വി.എസ്‌ സുനില്‍കുമാര്‍, എ.സി മൊയ്‌ദീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി. ജലീല്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ്‌ നിരീക്ഷണത്തില്‍ പോയ ഏഴു മന്ത്രിമാര്‍. കരിപ്പൂര്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനും നിരീക്ഷണത്തിലായി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും ഉണ്ടാകില്ല.

കോവിഡ്‌ വ്യാപനം രൂക്ഷമായതിന്‌ ശേഷം മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ഇരുന്നാണ്‌ ഭരണം നിയന്ത്രിക്കുന്നത്‌. കരിപ്പൂരിലും ഇടുക്കി രാജമലയിലും മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ മുഖ്യമന്ത്രിയൊടൊപ്പം കരിപ്പൂരിലുണ്ടായിരുന്നെങ്കിലും രോഗബാധിതരുമായി നേരിട്ട്‌ സമ്പര്‍ക്കമില്ലാത്തതിനാല്‍ നിരീക്ഷണത്തില്‍ പോകില്ലെന്ന്‌ രാജ്‌ ഭവന്‍ അറിയിച്ചു.

Top