തിരുവനന്തപുരം: മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിമാരില്ലാത്തതിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം മാറ്റിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മാത്രമായി കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയടക്കം ഏഴുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയും സി.പി.എമ്മിലെ അഞ്ച് പേരും ജെ.ഡി.എസ് പ്രതിനിധി മാത്യു ടി. തോമസും മാത്രമാണ് മന്ത്രിസഭാ യോഗത്തിനെത്തിയത്. ക്വോറം തികയണമെങ്കില്‍ മൊത്തം എണ്ണത്തിന്റെ മൂന്നിലൊന്ന് (ഏഴ് പേര്‍) വേണം. സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത എ.കെ. ബാലന്‍, തോമസ് ഐസക്, എം.എം. മണി, ടി.പി. രാമകൃഷണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി മന്ത്രിമാര്‍. ക്വോറംതികയാതെ യോഗം പിരിയേണ്ടി വരുന്നത് അപൂര്‍വമാണ്.