എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്ക് പ്രതിഷേധ മാര്‍ച്ചിനിടെ മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനു വീഴ്‌ച പറ്റിയെന്ന് എറണാകുളം കലക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയ്‌ക്ക് മര്‍ദനമേറ്റ സാഹചര്യം ഒഴിവാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. കൈയ്‌ക്ക് പൊട്ടലുള്ളതായി വ്യക്തമാക്കുന്ന മൂവാറ്റുപുഴ ആശുപത്രിയിലെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് എംഎല്‍എ കലക്ടര്‍ക്ക് നല്‍കിയിരുന്നു. സിപിഐ പ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി. മാര്‍ച്ച് നടത്തുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം സ്‌പെഷല്‍ ബ്രാഞ്ച് മുഖേന രാവിലെയാണ് പൊലീസ് അറിഞ്ഞത്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിച്ചു. പൊലീസിനുനേരെ കയ്യേറ്റശ്രമം ഉണ്ടായി.
ലാത്തിചാര്‍ജ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് സിപിഐ മന്ത്രിമാരോടും നേതാക്കളോടും മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്‌ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനു നേരേ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു തുടങ്ങിയവര്‍ക്കു സാരമായി പരുക്കേറ്റിരുന്നു. സംഭവത്തെത്തുടര്‍ന്നു സിപിഐയില്‍ വന്‍ വിവാദം ഉരിത്തിരിഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലാത്തിച്ചാര്‍ജിനെ അനുകൂലിക്കുന്ന രീതീയില്‍ സംസാരിച്ചതാണ് കാരണം.