കോങ്ങാട് എംഎല്‍എയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് അന്ത്യം. ഡിസംബര്‍ 11 ന് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം സിടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. തലച്ചോറിലെ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനാണ് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 2011 ലും പാലക്കാട്ടെ കോങ്ങാട് നിന്ന് നിയമസഭാംഗമായി. 1959 മേയ് 25 ന് കെ.വേലായുധന്റെയും എ.തത്തയുടെയും മകനായാണ് ജനനം. 1975 ല്‍ കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 13 ദിവസം ജയില്‍വാസം അനുഭവിച്ചു.