• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗത്തിന്‌ അനുമതി; പെണ്‍കുട്ടികളോടു വിവേചനം പാടില്ലെന്ന്‌ കോടതി

കോളജ്‌ ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണെന്നു ഹൈക്കോടതി. ഇ പേപ്പറും ഇ ബുക്കും ഓണ്‍ലൈന്‍ കോഴ്‌സുകളും വ്യാപകമാകുന്ന കാലമാണ്‌. മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാകാത്ത വസ്‌തുവായി മാറിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം മൗലിക അവകാശമാണ്‌. പെണ്‍കുട്ടികളോട്‌ ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടികള്‍ക്കു കോളജ്‌ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട്‌ ചേളന്നൂര്‍ എസ്‌എന്‍ കോളജിലെ ബിഎ വിദ്യാര്‍ഥിനി ഫഹീമ ഷിറിന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ്‌ പി.വി.ആശയുടെ ഉത്തരവ്‌. ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കുന്നത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റര്‍നെറ്റ്‌ മൗലികാവകാശമാണ്‌. ഇത്‌ ഇന്ത്യയ്‌ക്കും ബാധകമാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹോസ്റ്റലിലെ അന്തേവാസികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു കോളജ്‌ അധികൃതരും രക്ഷിതാക്കളും മനസിലാക്കണം. എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം എന്നൊക്കെ വിദ്യാര്‍ഥികളാണു തീരുമാനിക്കേണ്ടത്‌. വൈകിട്ട്‌ ആറു മുതല്‍ 10 വരെ പെണ്‍കുട്ടികള്‍ക്കു ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കിയതില്‍ പ്രതിഷേധിച്ചതിനു ഹോസ്റ്റലില്‍നിന്നു പുറത്താക്കിയ സാഹചര്യത്തിലാണു ഹര്‍ജി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തുന്നത്‌ ലിംഗ വിവേചനമാണെന്നു ഹര്‍ജിഭാഗം വാദിച്ചു.

Top