• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മോദിയുടെ ജനസമ്മതി കുതിച്ചുയര്‍ന്നു; കാത്തിരിക്കുന്നത്‌ വന്‍വെല്ലുവിളി

രാജ്യത്താകെ ആശങ്ക പടര്‍ത്തിയ കൊറോണ വൈറസ്‌ വ്യാപനം തടയുന്ന നടപടികളുടെ നെടുനായകത്വം വഹിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ധിച്ചുവെന്നും കൊറോണ പൂര്‍വ ഇന്ത്യ നേരിട്ടിരുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ പരുക്കില്ലാതെ മറികടക്കാന്‍ മോദിക്കതു തുണയാകുമെന്നും റിപ്പോര്‍ട്ട്‌.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ്‌ കണ്‍സല്‍റ്റ്‌ എന്ന സര്‍വേ, റിസര്‍ച്ച്‌ സ്ഥാപനത്തിന്റെ പഠനം അനുസരിച്ച്‌ ജനുവരി ഏഴിന്‌ 76 ശതമാനം ആയിരുന്ന മോദിയുടെ ജനസമ്മതി ഏപ്രില്‍ 21 ആയതോടെ 83 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്‌. ഐഎഎന്‍എസ്‌സിവോട്ടര്‍ കോവിഡ്‌ ട്രാക്കറിന്റെ സര്‍വേ പ്രകാരം മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏപ്രില്‍ 21 ആയതോടെ 93.5 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച്‌ 25ന്‌ ഇത്‌ 76.8 ശതമാനമായിരുന്നു. മാര്‍ച്ച്‌ തുടക്കത്തില്‍ കോവിഡ്‌ രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്പോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണു മോദി സര്‍ക്കാര്‍ കടന്നുപോയിരുന്നത്‌.

കോവിഡ്‌ പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ നരേന്ദ്ര മോദിക്ക്‌ ആഗോളസമ്മതി നേടിയെടുക്കാനുള്ള കളമൊരുങ്ങി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മരുന്നിനു വേണ്ടി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയെത്തി. കൃത്യസമയത്തു ലോക്‌ഡൗണ്‍ നടപ്പാക്കിയത്‌ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാനും മരണനിരക്ക്‌ കുറയ്‌ക്കാനും കഴിഞ്ഞത്‌ ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിച്ചു. ലോക്‌ഡൗണ്‍ എത്തിയതോടെ തെരുവു പ്രതിഷേധങ്ങളും മറ്റും ഇല്ലാതായി. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ മാറ്റിവച്ച്‌ പ്രതിപക്ഷവും കോവിഡ്‌ പോരാട്ടത്തിന്‌ ഇറങ്ങിയതോടെ താല്‍ക്കാലികമായി ആ പ്രശ്‌നവും കെട്ടടങ്ങി. രാജ്യത്തെ സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട്‌ അക്കൗണ്ടുകള്‍വഴി പണമെത്തിക്കുന്നതുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉത്തേജനപാക്കേജ്‌ നടപ്പാക്കിയതും മോദിസര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്‌.

Top