• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ 17 കരാറുകളില്‍ ഒപ്പുവെച്ചു

ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ 17 കരാറുകളില്‍ ഒപ്പുവെച്ചു. ബഹിരാകാശം, സിവില്‍ ഏവിയേഷന്‍, മാരിടൈം ടെക്‌നോളജി, മെഡിസിന്‍, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ മേഖലകളിലാണ്‌ കരാര്‍ ഒപ്പിട്ടത്‌. അഞ്ചാമത്‌ ഇന്തോ � ജര്‍മ്മന്‍ അന്തര്‍സര്‍ക്കാര്‍ കണ്‍സള്‍ട്ടേഷനിലാണ്‌ രണ്ട്‌ ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ കരാറുകള്‍ ഒപ്പിട്ടത്‌.

2022 ഓടെ 'പുതിയ ഇന്ത്യ' നിര്‍മ്മിക്കുമെന്ന്‌ ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌. ജര്‍മ്മനി പോലുള്ള രാജ്യങ്ങളുടെ സാങ്കേതിക, സാമ്പത്തിക വൈദഗ്‌ദ്ധ്യം ഇതിന്‌ ഉപയോഗപ്രദമാകുമെന്ന്‌ യോഗത്തിന്‌ ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഭീഷണികളെ നേരിടാന്‍ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സന്തുലിതമായ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തു. ഉഭയകക്ഷി വ്യാപാര, നിക്ഷേപ കരാര്‍ (ബിടിഐഎ) സംബന്ധിച്ച്‌ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സമ്മതിച്ചതായി ഇരു നേതാക്കളും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

നൈപുണ്യവികസനം, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെച്ച ഇന്ത്യയും ജര്‍മ്മനിയും ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാര്‍ത്ഥി കൈമാറ്റം വര്‍ദ്ധിപ്പിക്കുന്നതിന്‌ തുടര്‍നടപടികള്‍ സ്വീകരിക്കാനും ധാരണയായി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇന്തോ � ജര്‍മ്മന്‍ പങ്കാളിത്തത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്‌തു.

പുതിയതും നൂതനവുമായ സാങ്കേതിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട്‌ പോവുകയാണെന്ന്‌ കരാറുകള്‍ തെളിയിക്കുന്നുവെന്ന്‌ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു.

വ്യാഴാഴ്‌ച രാത്രി ന്യൂഡല്‍ഹിയിലെത്തിയ മെര്‍ക്കലിന്‌ രാഷ്ട്രപതി ഭവനത്തില്‍ ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ ഇരു നേതാക്കളും ഹൈദരാബാദ്‌ ഹൗസിലാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌.

Top