ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദി നടത്തിയ പ്രസ്‌താവനയ്‌ക്ക് വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍.
പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യയ്‌ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്‌ശങ്കര്‍ പറഞ്ഞു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വാഷിങ്‌ടണില്‍ എത്തിയപ്പോഴാണ് ജയ്‌ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോള്‍ മോദി നടത്തിയ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രസ്‌താവന, 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ട്രംപ് പറയാറുള്ള പ്രചാരണ വാക്യം പരാമര്‍ശിക്കുക മാത്രമാണ് മോദി ചെയ്‌തതെന്ന് ജയ്‌ശങ്കര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.