പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രിക നല്‍കാന്‍ വാരാണസി കളക്ടറേറ്റില്‍ മോദിക്കൊപ്പമെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പത്രികാ സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുത്തു.
വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതു രണ്ടാം തവണയാണ് വാരാണസിയില്‍നിന്നു മോദി ജനവിധി തേടുന്നത്. 2014ല്‍ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷമാണ് മോദിക്ക് വാരാണസിയില്‍നിന്നു ലഭിച്ചത്. ആകെ ലഭിച്ചത് 5,81,022 വോട്ടുകള്‍. അന്ന് രണ്ടാം സ്ഥാനത്തായിരുന്ന എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്!രിവാളിന് 2,09,238 വോട്ടുകള്‍ ലഭിച്ചിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് 2014ല്‍ വാരാണസിയില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണയും അജയ് റായ് തന്നെയാണ് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മോദിക്കെതിരെ മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജയ് റായിയെ തന്നെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.