ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ നേതാവെന്ന് അഭിസംബോധന ചെയ്‌ത് കവര്‍ സ്‌റ്റോറി ചെയ്‌ത ടൈം മാഗസിന്‍ നിലപാട് മാറ്റി. ദശാബ്ദത്തില്‍ ഒരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നുവെന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലാണ് നിലപാട് മാറ്റം.
ഭിന്നിപ്പിന്റെ നേതാവെന്നു സങ്കല്‍പ്പിക്കപ്പെടുന്ന ഒരാള്‍ എങ്ങനെയാണ് അധികാരം നിലനിര്‍ത്തുകയും ജനപിന്തുണ വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന ചോദ്യവും ലേഖനം മുന്നോട്ടു വയ്‌ക്കുന്നു. വര്‍ഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ അതിജീവിക്കാന്‍ കഴിഞ്ഞതാണ് മോദിയുടെ ജനപിന്തുണ വര്‍ധിക്കാന്‍ കാരണമെന്നും ലേഖകന്‍ പറയുന്നു.
മനോജ് ലാദ്വ എഴുതിയ ലേഖനത്തില്‍ ഇന്ത്യക്കാരെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന നേതാവെന്നാണു മോദിക്കു നല്‍കുന്ന വിശേഷണം. പിന്നാക്ക വിഭാഗത്തില്‍ ജനിച്ച് ഉന്നതിയില്‍ എത്തിച്ചേര്‍ന്ന മോദി പ്രതിനിധീകരിക്കുന്നത് അധ്വാന വര്‍ഗത്തെയാണ്. ഈ ഘടകം തന്നെയാണ് മോദിയെ ഐക്യത്തിന്റെ വക്താവായി ഉയര്‍ത്തിയതെന്നും ലേഖനം സമര്‍ത്ഥിക്കുന്നു.