• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായ പ്രമേയം മുന്നോട്ടുവച്ചു; യുഎസ്‌ തള്ളി

വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന 'ജനറലൈസ്‌ഡ്‌ സിസ്റ്റം ഒഫ്‌ പ്രിഫറന്‍സസ്‌' (ജിഎസ്‌പി) പട്ടികയില്‍നിന്നു ജൂണ്‍ അഞ്ചോടെ ഇന്ത്യ പുറത്താകുമെന്ന യുഎസ്‌ പ്രഖ്യാപനം വന്നതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. യുഎസിന്റെ ആവശ്യങ്ങള്‍ പരിശോധിച്ചു കൊണ്ട്‌ ഇന്ത്യ മുന്നോട്ടു വച്ച പ്രമേയത്തെ യുഎസ്‌ തള്ളിയെന്ന്‌ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

യുഎസ്‌ മുന്നോട്ടു വച്ച അപേക്ഷ പരിശോധിച്ചുകൊണ്ട്‌ ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായ സുപ്രധാന പ്രമേയം ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും യുഎസിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെന്നും ഇത്‌ നിര്‍ഭാഗ്യകരമാണെന്നും പ്രസ്‌താവനയില്‍ വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്ഥിര നടപടിയുടെ ഭാഗം മാത്രമാണെന്നും ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നുമാണ്‌ പ്രതീക്ഷ. സാമ്പത്തിക കാര്യങ്ങളിലും ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും യുഎസുമായി ശക്തമായ ബന്ധം സൃഷ്ടിക്കുന്നത്‌ തുടരും.' വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന്‌ ആരോപിച്ചാണ്‌ ജിഎസ്‌പി പട്ടികയില്‍നിന്ന്‌ ഇന്ത്യയെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍നിന്ന്‌ ഇന്ത്യയെ ഒഴിവാക്കുമെന്ന്‌ കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ജൂണ്‍ അഞ്ചുമുതല്‍ മുന്‍ഗണന നിര്‍ത്താന്‍ തീരുമാനിച്ചത്‌.

യുഎസില്‍ എഴുപതുകള്‍ മുതല്‍ നിലവിലുള്ളതാണ്‌ വികസ്വര രാജ്യങ്ങള്‍ക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക്‌ അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ നിന്ന്‌ യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്‌. ഈ വ്യാപാരക്കമ്മിയാണ്‌ യുഎസിന്റെ അനിഷ്ടത്തിനു കാരണം.

യുഎസിനു വിപണിയില്‍ ആവശ്യമായ അവസരം ലഭ്യമാക്കുന്നത്‌ ഉറപ്പാക്കാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞില്ലെന്നും വ്യാപാരത്തിനു തിരിച്ചടിയാകുന്ന തരത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും യുഎസ്‌ ട്രേഡ്‌ ഓഫിസ്‌ ആരോപിച്ചു.

ജിഎസ്‌പി ഉടമ്പടിയുടെ ഏറ്റവുമധികം നേടുന്ന രാജ്യമായിട്ടും ഇന്ത്യ യുഎസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ അധിക തീരുവ ചുമത്തുന്നു എന്നതാണ്‌ യുഎസ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇന്ത്യയില്‍ നിന്നു യുഎസ്‌ ഇറക്കുമതി ചെയ്യുന്ന പല ഉത്‌പന്നങ്ങള്‍ക്കും നികുതിയില്ല. എന്നാല്‍, യുഎസില്‍നിന്ന്‌ ഇന്ത്യ വാങ്ങുന്ന പല ഉത്‌പന്നങ്ങള്‍ക്കും 20 ശതമാനമാണു നികുതി. ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു യുഎസ്‌ നിലപാട്‌.

ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ നിന്നും തുല്യമായ ആനുകൂല്യം യുഎസിനു ലഭിക്കുന്നില്ലെന്നും ട്രംപ്‌ കുറ്റപ്പെടുത്തി.

Top