പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഭ്യന്തരവിഷയമാണെന്ന നിലപാട് മോദി അറിയിക്കും. ഇന്ത്യ പാക്ക് തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. അതിനിടെ, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനെ രാജ്യാന്തര സംഘടനയായ എഫ്‌എടിഎഫ് കരിമ്പട്ടികയില്‍പ്പെടുത്തി.
ഫ്രാന്‍സില്‍ ജി 7 ഉച്ചകോടിക്കിടെയാണ് മോദി ട്രംപ് കൂടിക്കാഴ്‌ച. ഇരുവരും നേരത്തെ ഫോണില്‍ സംസാരിച്ചിരുന്നു. കശ്‌മീര്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്‌ച ഏറെ നിര്‍ണായകമാണ്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ഉറച്ചനിലപാടെടുക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 370ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണന്ന് മോദി ട്രംപിനെ അറിയിക്കും.
അതിര്‍ത്തി കടന്നുള്ള ഭീകരത, ഇമ്രാന്‍ ഖാന്‍ അടക്കമുള്ള പാക്ക് നേതാക്കളുടെ പ്രകോപനങ്ങള്‍, ഇന്ത്യ അമേരിക്ക വാണിജ്യതര്‍ക്കങ്ങള്‍ എന്നിവ ട്രംപുമായി മോദി ചര്‍ച്ച ചെയ്യും. അതിനിടെ, ഭീകരതയ്‌ക്കെതിരെ ഇന്ത്യയും ഫ്രാന്‍സും ഒറ്റക്കെട്ടായി പോരാടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി പറഞ്ഞു.
ഭീകര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനും കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാനും സാധിക്കാതായതോടെയാണ് എഫ്‌എടിഎഫിന്‍റെ ഏഷ്യപസഫിക് ഘടകം പാക്കിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇന്ത്യ ഇക്കാര്യം അവശ്യപ്പെട്ടിരുന്നു. ഇതോടെ പാക്കിസ്ഥാന്റെ രാജ്യാന്തര വ്യാപാര ഇടപാടുകള്‍ പ്രതിസന്ധിയിലായേക്കും.