ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നു സൂചിപ്പിക്കുന്ന യുഎസ് റിപ്പോര്‍ട്ട് പുറത്ത്. രാജ്യാന്തര തലത്തിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചൊവ്വാഴ്‌ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണു റിപ്പോര്‍ട്ട് പുറത്തു വന്നത്.
ബിജെപിയിലെ ചില പ്രമുഖ നേതാക്കള്‍ കഴിഞ്ഞ വര്‍ഷം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗങ്ങളെപ്പറ്റി വെള്ളിയാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2018ല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന അതിക്രമങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ട്. ഗോവധത്തിന്റെ പേരിലുള്ള അതിക്രമങ്ങളാണ് ഏറെയും നടന്നത്. തീവ്ര ഹിന്ദു വിഭാഗക്കാര്‍ ന്യൂനപക്ഷത്തിനെതിരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെയാണു, പലപ്പോഴും അതിക്രമം നടത്തുന്നത്. ചില സമയങ്ങളില്‍ ഇവ തടയാന്‍ അധികൃതര്‍ക്കു പോലും സാധിക്കുന്നില്ല. അക്രമികളെ എല്ലായിപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടേതെന്ന് ചില എന്‍ജിഒകളും ചൂണ്ടിക്കാട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 നവംബറില്‍ മാത്രം അത്തരത്തിലുള്ള 18 സംഭവങ്ങള്‍ നടന്നു. ആ വര്‍ഷം എട്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. മതന്യൂനപക്ഷം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയുന്നതിലാണു കേന്ദ്രം പരാജയപ്പെട്ടതെന്ന് എന്‍ജിഒ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യുഎസ് വിശദീകരിക്കുന്നു.
മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും സഹിഷ്‌ണുതയും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും മുഖമുദ്രയാക്കിയ വൈവിധ്യമാര്‍ന്ന സമൂഹമെന്ന നിലയിലും അതിന്റെ അന്തസ്സ് ഇന്ത്യ എപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. രവീഷ് വ്യക്തമാക്കി.