കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകം ആവശ്യമുള്ളതു ചെയ്യുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ സംരക്ഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടു പാരമ്പര്യേതര ഊര്‍ജ ഉത്‌പാദനം ഇന്ത്യ 450 ജിഗാവാട്‌സ് ആക്കി ഉയര്‍ത്തുമെന്നും യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നതിനു നമ്മളിപ്പോള്‍ ചെയ്യുന്നതൊന്നും പോരെന്നു മനസിലാക്കാന്‍ തയാറാകണം. ഇക്കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ തന്നെയുള്ള ഒരു നിലപാടു മാറ്റമാണ് ആവശ്യം. ഇന്ത്യ ഇവിടെ വന്നിരിക്കുന്നതു വെറുതെ സംസാരിക്കാന്‍ മാത്രമല്ല. അതിന്റെ റോഡ്‌മാപ് അവതരിപ്പിക്കാന്‍ കൂടിയാണ്. പെട്രോളിയം ഇതര ഇന്ധനത്തിന്റെ ഉപയോഗം ഇന്ത്യ വര്‍ധിപ്പിക്കും. 2022 ഓടെ പാരമ്പര്യേതര ഊര്‍ജത്തിന്റെ ശേഷി 175 ജിഗാവാട്‌സ് ആക്കും. അതിനുശേഷം 450 ജിഗാവാട്‌സ് ആക്കി ഉയര്‍ത്തും. സംസാരിക്കുന്നതിനുള്ള സമയം കഴിഞ്ഞു. ഇനി ലോകം നടപടിയെടുക്കേണ്ട സമയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വേദിയിലിരുത്തിയായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍. കാലാവസ്ഥാ വ്യതിയാനത്തില്‍ വ്യത്യസ്‌ത നിലപാടിലാണ് ഇന്ത്യയും യുഎസും.