സ്വന്തം വ്യോമപാതയിലൂടെ പറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ പറക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്. പാക്കിസ്ഥാന്റെ വ്യോമപാത ഇതിനായി ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യന്‍ ഹൈകമ്മീഷനെ അറിയിച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
പ്രധാനമന്ത്രിക്കു പറക്കുന്നതിനായി ഇന്ത്യ പാക്കിസ്ഥാനോട് ഔദ്യോഗികമായി തന്നെ അഭ്യര്‍ഥന നടത്തിയതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പരിശോധനയ്‌ക്കുശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു പാക്കിസ്ഥാന്‍ ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ ഇന്ത്യയുടെ ആവശ്യം തള്ളിയതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി പിന്നീട് അറിയിച്ചു.
സെപ്‌റ്റംബര്‍ 21 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം. ഐസ്‌ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിമാനത്തിനും പാക്കിസ്ഥാന്‍ ഈ മാസം അനുമതി നിഷേധിച്ചിരുന്നു.