• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വാരാണസിയും കേരളവും തനിക്ക്‌ ഒരുപോലെയെന്ന്‌ മോദി

കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദിയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദന്‍ സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജയിക്കാത്തിടത്ത്‌ മോദി എന്തിന്‌ നന്ദി പറയുന്നുവെന്ന്‌ കരുതുന്നവരുണ്ടാകാം. എല്ലാവരെയും പരിഗണിക്കുന്ന സമീപനമാണ്‌ ബിജെപി സര്‍ക്കാരിനുള്ളത്‌. തിരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യമിടുന്നവരല്ല ബിജെപി പ്രവര്‍ത്തകര്‍. തനിക്ക്‌ വാരാണസിയും കേരളവും ഒരുപോലെയാണ്‌. മോദി പറഞ്ഞു.

മോദി വിജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപിയുടെ ഊര്‍ജം കെടുന്നില്ല. പരാജയത്തിന്‌ ശേഷവും കേരളത്തിലെ പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നു. വിജയമായാലും പരാജയമായാലും ഒന്നിച്ച്‌ പ്രവര്‍ത്തിക്കണം. തിരഞ്ഞെടുപ്പല്ല, പുതിയ ഭാരതസൃഷ്ടിയാണ്‌ പ്രധാനം. മോദി പറഞ്ഞു.

ആയുഷ്‌മാന്‍ പദ്ധതിയുടെ സഹായം കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടാത്തതില്‍ തനിക്കു പ്രയാസമുണ്ടെന്ന്‌ മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കു വേണ്ടി തുടങ്ങിയ പദ്ധതിയാണിത്‌. കേരളം ആ പദ്ധതിയില്‍ ചേരാത്തത്‌ എന്നെ വിഷമിപ്പിക്കുന്നു. അതിന്റെ ഭാഗമാകണമെന്ന്‌ ഞാന്‍ കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിക്കുന്നു മോദി പറഞ്ഞു.

Top