• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വിദേശയാത്രകള്‍ മുടങ്ങി, ഇനി ശ്രദ്ധിക്കേണ്ടത്‌ പ്രാദേശിക ടൂറിസത്തില്‍: പ്രധാനമന്ത്രി

രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ്‌ കൊച്ചിയിലെ ബിപിസിഎല്ലിന്റെ ഉള്‍പ്പെടെ പുതിയ വികസന പദ്ധതികളിലൂടെ തുറന്നിരിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിനും പദ്ധതികള്‍ സഹായിക്കും. ഇന്ത്യയിലെ ഏറ്റവും ആധുനിക എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ്‌ കൊച്ചിയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ്‌ മഹാമാരി ശക്തമായതോടെ പലരും രാജ്യാന്തര യാത്ര അവസാനിപ്പിച്ചു. അതോടെ പ്രാദേശിക ടൂറിസത്തിനാണ്‌ അവസരം ലഭിച്ചത്‌. ഇതൊരു വലിയ സാധ്യതയായി കാണണം. പ്രാദേശികമായുള്ള ടൂറിസം ഓരോ മേഖലയെയും ശക്തമാക്കും. യുവത്വവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതിലൂടെ സാധിക്കും. ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളാണ്‌ നമുക്കു ചുറ്റുമുള്ളത്‌. അവര്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ വിഭാവനം ചെയ്യണം. ചുറ്റുമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ വികസനത്തിനുള്ള സാധ്യത മനസ്സിലാക്കണം.

6100 കോടി രൂപ മുതല്‍മുടക്കുള്ള വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ നിര്‍വഹിക്കുന്നു. ഇന്ത്യയുടെ ടൂറിസം മേഖല കഴിഞ്ഞ അഞ്ചു വര്‍ഷമായി ശക്തമായ നിലയിലാണ്‌. ടൂറിസം ഇന്‍ഡെക്‌സില്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യ അറുപതാം സ്ഥാനത്തുനിന്ന്‌ 34�ാം സ്ഥാനത്തെത്തി. സാമ്പത്തിക വികസനത്തെ ശക്തിപ്പെടുത്തുന്നതിനു പ്രധാനമായും രണ്ടു കാര്യങ്ങളുണ്ട്‌. പ്രവര്‍ത്തനക്ഷമത ശക്തമാക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ ആധുനീകരണം എന്നിവയാണത്‌. കൊച്ചി ഷിപ്‌യാര്‍ഡ്‌ ഗിരിനഗറില്‍ 27.5 കോടി ചെലവിട്ടു നിര്‍മിച്ച സാഗര്‍ വിജ്ഞാന്‍ ക്യാംപസ്‌ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തെ സഹായിക്കും. പ്രധാനമന്ത്രി വ്യക്തമാക്കി.

Top