രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മോട്ടര്‍വാഹന വകുപ്പ് രംഗത്ത്. മോഡിഫൈഡ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടഞ്ഞ മോട്ടര്‍വാഹന വകുപ്പ് ഇനി മുതല്‍ ആര്‍സി ബുക്കും വാഹനവും പരിശോധിച്ചതിന് ശേഷം മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുകയുള്ളു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ അന്യസംസ്ഥാനത്തേക്ക് വില്‍ക്കുന്നത് തടയാനാണ് മോട്ടര്‍വാഹന വകുപ്പിന്റെ നടപടി.
പരിശോധനയില്‍ പിടിച്ച മോഡിഫൈഡ് വാഹനങ്ങളുടെ രൂപം പഴയപോലെ ആക്കിയാല്‍ മാത്രമേ റോഡില്‍ ഇറങ്ങാന്‍ അനുമതി നല്‍കൂ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് കുടുതല്‍ നടപടികളുമായി മുന്നോട്ടുപോകും എന്നാണ് എംവിഡി അറിയിക്കുന്നത്.
രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ നിയമം കര്‍ശനമായി നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ തങ്ങളുടെ വാഹനങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് കര്‍ശന നടപടിക്കൊരുങ്ങിയത്. മോഡിഫൈഡ് വാഹനങ്ങളുടെ രൂപം പഴയ പടിയാക്കാന്‍ പണം ഏറെ ചിലവാകുമെന്ന കാരണത്താലാണ് ഉടമകള്‍ അന്യസംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.