ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപദേശകരുടെ ചരിത്രബോധം ദയനീയമാണെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ, ജനറല്‍ തിമ്മയ്യ എന്നിവരെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന പ്രസ്താവന തെറ്റാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
ഭഗത് സിംഗിനെ കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണം വന്‍ വിവാദമായിരുന്നു. എന്നാല്‍ ഭഗത് സിംഗിനെ നെഹ്‌റു ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വസ്തുത സിന്‍ഹ ട്വീറ്റ് ചെയ്തു. തക്ഷശില ബീഹാറിലാണെന്ന് നേരത്തെ രണ്ട് തവണ മോഡി പറഞ്ഞിട്ടുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവേദികളില്‍ പ്രധാനമന്ത്രി നടത്തിയ നിരവധി പ്രസ്താവനകള്‍ വിവാദമായിരുന്നു. ഭഗത് സിംഗിനെ കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന് ശേഷം നെഹ്‌റുവും വി.കെ കൃഷ്ണമേനോനും ജനറല്‍ തിമ്മയ്യയെ അപമാനിച്ചുവെന്നും മോഡി ആരോപിച്ചിരുന്നു.