നാല് പതീറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിനൊപ്പം സൂപ്പര്‍ താരം മോഹന്‍ലാല്‍ സംവിധായക വേഷത്തിലേക്ക്. തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 'ബറോസ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന 3ഡി സിനിമയായിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കി.
തീരുമാനം മുന്‍കൂട്ടിയെടുത്തതല്ലെന്ന് കുറിച്ച മോഹന്‍ലാല്‍ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമയുടെ സംവിധായകന്‍ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്‌ക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. സംസാരത്തില്‍ അദ്ദേഹം പങ്കുവച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചുവെന്നും ലാല്‍ കുറിച്ചു. 'ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍' ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാല്‍ പറയുന്നു.
നാനൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നതും അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം മോഹന്‍ലാല്‍ കുറിച്ചു. ചിത്രത്തില്‍ ബറോസ്സായി വേഷമിടുന്നതും ഞാന്‍ തന്നെ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം നന്നായിട്ടറിയാം എന്ന് കുറിക്കുന്ന ലാല്‍ ഇപ്പോള്‍ തന്റെ ശിരസ്സിലും ആ ഭാരം അമരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. '