കൊച്ചി: കൊച്ചിയില്‍ നടക്കുന്ന കന്യാസ്ത്രീ സമരത്തില്‍ എന്താണ് പ്രതികരണമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മോഹന്‍ലാലിന്റെ മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. കന്യാസ്ത്രീ സമരത്തെ ലാല്‍ അവഹേളിച്ചുവെന്ന് ഒരു വിഭാഗം പറയുമ്ബോള്‍ അത് അത്തരത്തില്‍ വളച്ചൊടിക്കണ്ട എന്ന് മറ്റൊരു വിഭാഗം പറയുന്നു. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ചേര്‍ത്തുള്ള ട്രോള്‍ പൊങ്കാലയും സമൂഹ മാധ്യമത്തില്‍ എത്തിയിട്ടുണ്ട്.
'മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്ബോള്‍ അത് പൊതുവികാരമാണോ'- എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചത്.വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരിതബാധിതര്‍ക്ക് നല്‍കുന്ന ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാല്‍ ഈ തരത്തില്‍ പ്രതികരിച്ചത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനമുന്നയിക്കുന്നത്.
'കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടന്‍ മോഹന്‍ലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാന്‍. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ.' എന്നു പറഞ്ഞാണ് രശ്മി ആര്‍ നായര്‍ മോഹന്‍ലാലിന്റെ നിലപാടിനെ പരിഹസിക്കുന്നത്.'ബ്ലഡി ഗ്രാമവാസിസ് നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍ ? അറിയണമെന്ന് അത്ര ആഗ്രഹമുണ്ടെല്‍ അടുത്ത ബ്ലോഗ് നോക്കിയാല്‍ മതി !' എന്നാണ് റിതിന്‍ സാമുവലിന്റെ പ്രതികരണം.
'അല്ലെങ്കിലും മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ എന്നാണ് ഇയാള്‍ക്ക് കഴിഞ്ഞിട്ടുള്ളത്. ഒരു സഹപ്രവര്‍ത്തകക്കു നേരെയുണ്ടായ അതിക്രമത്തെ പോലും എത്ര നിസ്സാരവല്‍ക്കരിച്ചാണിയാള്‍ സംസാരിച്ചത്.' നടി ആക്രമിക്കപ്പെട്ട കേസിലെ മോഹന്‍ലാലിന്റെ നിലപാടുകള്‍ സൂചിപ്പിച്ചുകൊണ്ട് മാളിയേക്കല്‍ ചൂണ്ടിക്കാട്ടുന്നു.'ചങ്കിനകത്ത് ലാലേട്ടന്‍ അരമനക്കകത്തും ലാലേട്ടന്‍ ആയോ?' എന്നാണ് മറ്റൊരു പരിഹാസം.
'മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍? ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്ബോള്‍ അത് പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനോട് ഏതു പത്രത്തില്‍ നിന്നാണെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ മാതൃഭൂമിയെന്നു പറഞ്ഞപ്പോള്‍ 'ആ അതാണ്' എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു.