അമ്മ സംഘനയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരുന്നത്. എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് സംഘടനയ്‌ക്കെതിരെ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് അക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടന നിലപാടെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 നടിമാര്‍ സംഘടനയില്‍നിന്ന് രാജി വയ്ക്കുകയും ഇതുകൂടാതെ 15 നടിമാര്‍ സംഘടനയിലെ അംഗത്വം എടുക്കുന്നതില്‍നിന്ന് പിന്‍മാറുകയും ചെയ്തു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയ്ക്ക് കത്തുനല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് അമ്മ ഭാരവാഹികള്‍ മറുപടി നല്‍കുകയും ചെയ്തു. ചര്‍ച്ചയ്ക്കുവേണ്ടി രേവതി, പദ്മപ്രിയ, ഗീതു മോഹന്‍ദാസ് എന്നിവരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇതുകൂടാതെ സംഘടനയ്‌ക്കെതിരെ പരസ്യ പ്രസ്താവനയുമായി എത്തിയ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഡബ്ല്യുസിസി അംഗങ്ങളുമായിട്ടാണ് ആദ്യ ചര്‍ച്ച. പിന്നീട് ജോയ് മാത്യുവുമായും ഷമ്മി തിലകനുമായും ചര്‍ച്ച നടത്തും.
ഇതിലും സുപ്രധാനമായ ഒരു വിഷയമാണ് സംഘടനയ്ക്കുള്ളില്‍ ഉടലെടുത്തിരിക്കുന്നത്. അക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാന്‍ സംഘടനയുടെ തീരുമാനമനുസരിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടിയും ഹണി റോസും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ വിചാരണ കോടതി തൃശൂരിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജിയെ നിയമിക്കണമെന്നും 25 വര്‍ഷം പരിചയ സമ്ബന്നയായ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാലിത് കോടതിയില്‍ ഇരയായ നടി എതിര്‍ക്കുകയായിരുന്നു. തനിക്ക് ആരുടേയും പിന്തുണ വേണ്ടെന്നും താന്‍ ഇപ്പോള്‍ അമ്മ സംഘടനയിലെ അംഗമല്ലെന്നും നടി ചൂണ്ടിക്കാട്ടി. ഇത് സംഘടനക്ക് തിരിച്ചടിയായി.
എന്നാല്‍ താന്‍ അറിയാത്ത കാര്യമാണ് എഴുതിച്ചേര്‍ത്തതെന്ന വെളിപ്പെടുത്തലുമായി ഹണി റോസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി മറ്റൊരാളെ നിയമിക്കണമെന്ന് തന്നോട് ഇവരാരും പറഞ്ഞിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി പറഞ്ഞു. ഇത് വളരെ പ്രാധാന്യത്തോടെയാണ് സംഘടന ചര്‍ച്ചയ്‌ക്കെടുക്കുന്നത്. മോഹന്‍ലാല്‍ അറിയാതെയാണ് മൂന്നാമത്തെ ആവശ്യം എഴുതിച്ചേര്‍ത്തത് എന്നാണ് സൂചന. സംഘടനയ്ക്കുള്ളിലെ പ്രശ്‌നം തീര്‍ക്കാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ട്. സംഘടനയുടെ ഉള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ത്താല്‍ മാത്രമേ മറ്റ് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍.