വര്‍ഷം 10 ലക്ഷം രൂപയിലേറെ നാട്ടില്‍ പണം നോട്ടായി പിന്‍വലിക്കുന്നവര്‍ക്കു നികുതി ചുമത്താന്‍ ആലോചിച്ച് പദ്ധതി തയ്യാറാക്കുകയാണ് കേന്ദ്രം. കടലാസ് പണത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തി, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു നീക്കം.
കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ആരെല്ലാമാണ് പണം പിന്‍വലിച്ചതെന്നും ഇവര്‍ നികുതിവലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനാണ് ആധാര്‍ ഉപയോഗിക്കുക. സവിശേഷ തിരിച്ചറിയല്‍ നമ്പര്‍, ഒറ്റത്തവണ പാസ്‌വേഡ് എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ആധാര്‍ ദുരുപയോഗിച്ചു പണം എടുക്കുന്നതു സാധ്യമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പൊതുവെ വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ കാഴ്‌ചപ്പാട്. ജൂലൈ അഞ്ചിനു എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനു മുന്നോടിയായാണു നിര്‍ദേശം വച്ചിട്ടുള്ളത്. മധ്യവര്‍ഗത്തെയും പാവപ്പെട്ടവരെയും എത്രത്തോളം ബാധിക്കുമെന്നു നോക്കിയായിരിക്കും അന്തിമതീരുമാനം. ഡിജിറ്റല്‍ ഇടപാടിന് അവസരമുള്ളപ്പോള്‍ പണം നോട്ടായി പിന്‍വലിക്കുന്നത് എന്തിനെന്നാണു സര്‍ക്കാര്‍ ചോദ്യം.
കഴിഞ്ഞയാഴ്‌ച റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ആര്‍ടിജിഎസ്, എന്‍ഇഎഫ്‌ടി ഇടപാടുകളുടെ ചാര്‍ജ് ഒഴിവാക്കിയത് ഓണ്‍ലൈന്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കാനാണെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുലക്ഷം രൂപ വരെയുള്ള തുക എന്‍ഇഎഫ്‌ടി വഴിയും അതിനേക്കാള്‍ വലിയ തുക ആര്‍ടിജിഎസ് വഴിയുമാണു കൈമാറ്റം ചെയ്യുന്നത്. ഈ ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്ക് ഈടാക്കിയിരുന്ന തുക കുറയ്‌ക്കാനും തീരുമാനമായി. എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ പുനഃപരിശോധിക്കാന്‍ കമ്മിറ്റിയെയും ആര്‍ബിഐ നിയമിച്ചു.