മദേഴ്‌സ് ക്ലിനിക്കിന്റെ ഫ്രാഞ്ചൈസി വാഗ്‌ദാനം ചെയ്‌ത് സംസ്ഥാനത്തുടനീളം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. തട്ടിപ്പിന് ഇരയായ പ്രവാസികളും ജോലിയില്‍ നിന്ന് വിരമിച്ചവരുമൊക്കെയായ നിരവധി പേര്‍ സ്ഥാപനത്തിനെതിരേ കൂട്ടപരാതിയുമായി രംഗത്തെത്തി.
ഗ്രാമീണ മേഖലയിലടക്കം മദേഴ്‌സ് ക്ലിനിക്കിന്റെ ഫ്രാഞ്ചൈസി ക്ഷണിച്ചുകൊണ്ടായിരുന്നു തട്ടിപ്പിന് തുടക്കം. ക്ലിനിക്ക് തുടങ്ങാനും അനുബന്ധ ചെലവുകള്‍ക്കുമായി അഞ്ചുലക്ഷം രൂപ ഓരോരുത്തരില്‍ നിന്നും വാങ്ങിച്ചെടുക്കുകയും വന്‍ തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചുലക്ഷം രൂപയും സ്ഥലവും നല്‍കിയാല്‍ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നല്‍കാമെന്നും അതുവഴി ലാഭത്തിന്റെ ഇരുപത് ശതമാനം ഓരോ മാസവും നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനം. മാത്രമല്ല 49 രൂപയ്‌ക്ക് ഡോക്ടര്‍ രോഗികളെ പരിചരിക്കുമെന്നും അറുപത് ശതമാനം വരെ മരുന്നുകള്‍ വിലകുറച്ച് നല്‍കുമെന്നും പറഞ്ഞിരുന്നു.
പ്രതിമാസം ഒരുലക്ഷം രൂപ വരെ സ്ഥിരവരുമാനം ഇങ്ങനെ നേടാമെന്നായിരുന്നു അറിയിച്ചത്. ഇങ്ങനെ മലബാറില്‍ മാത്രം 160 ലധികം ക്ലിനിക്കുകള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഉടമകള്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയതോടെ ക്ലിനിക്കുകളിലേക്ക് സ്ഥാപനം ഡോക്ടര്‍മാരേയും, ജീവനക്കാരേയും നല്‍കുന്നില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി മിക്ക ഫ്രാഞ്ചൈസികളും പൂട്ടിക്കിടക്കുകയാണെന്നും ഫ്രാഞ്ചൈസി നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. ചില ക്ലിനിക്കുകളില്‍ ജീവനക്കാരുണ്ടെങ്കിലും മാസങ്ങളായി ഇവര്‍ക്ക് ക്ലിനിക്ക് അധികൃതര്‍ ശമ്പളം നല്‍കുന്നുമില്ല. നിക്ഷേപകര്‍ക്കാര്‍ക്കും ഇതുവരെ വാഗ്‌ദാനം ചെയ്‌ത പണവും നല്‍കിയിട്ടില്ല.
സംഭവം തട്ടിപ്പാണെന്ന് വ്യക്തമായതോടെ നല്‍കിയ പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. മലബാറിലെ തട്ടിപ്പ് പുറത്തായിട്ടും ഇവര്‍ തിരുവനന്തപുരത്തും കര്‍ണാടകയിലും ഫ്രാഞ്ചൈസി അപേക്ഷയുമായി ഇപ്പോഴും രംഗത്തുണ്ടെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.