• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാനേജിങ്‌ ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രമുഖ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ്‌ 22ന്‌ വയനാട്ടിലെ കല്‍പറ്റയിലാണ്‌ ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്‌മി, എം.വി.ശ്രേയാംസ്‌കുമാര്‍ (ജോയന്റ്‌ മാനേജിങ്‌ ഡയറക്ടര്‍, മാതൃഭൂമി).

മദിരാശി വിവേകാന്ദ കോളേജില്‍നിന്ന്‌ ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന്‌ എം.ബി.എ. ബിരുദവും നേടി.

ഇന്ത്യന്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി മെമ്പര്‍, പി.ടി.ഐ.ഡയറക്ടര്‍, പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ മെമ്പര്‍, കോമണ്‍വെല്‍ത്ത്‌ പ്രസ്‌ യൂണിയന്‍ മെമ്പര്‍,വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂസ്‌ പേപ്പേഴ്‌സ്‌ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി മെമ്പര്‍,ജനതാദള്‍(യു) സ്‌റ്റേറ്റ്‌ കമ്മറ്റി പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌.

സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ജയപ്രകാശ്‌ നാരായണനാണ്‌ പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1987 ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ്‌ മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്‌. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്‌തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട്‌ തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.

ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ്‌ സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. സി.അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം,ഓടക്കുഴല്‍ അവാര്‍ഡ്‌,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.

Top